Current Date

Search
Close this search box.
Search
Close this search box.

വനിതാ സംവരണ ബില്‍: ഒ.ബി.സി, മുസ്ലിം ഉപസംവരണം കൂടി നടപ്പിലാക്കണം: ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ഡല്‍ഹി: ലോക്‌സഭ പാസാക്കിയ നിര്‍ദ്ദിഷ്ട വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്നാല്‍ അതില്‍ ഒ.ബി.സി വിഭാഗങ്ങള്‍, മുസ്ലിംകള്‍ എന്നിവര്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ പ്രൊഫ സലിം എഞ്ചിനിയര്‍ പ്രസ്താവനയില്‍ പറഞ്ഞു.”അധികാരം പങ്കിടുന്നതില്‍ എല്ലാ സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം എന്നത് പ്രാധാന്യമേറെയുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പരിതാപകരമാണ്.

വനിതകളുടെ എണ്ണം ആനുപാതികമായി ഉയര്‍ത്തേണ്ടത് അനിവാര്യതയാണ്. വനിതാ സംവരണ ബില്‍ ഈ ദിശയിലുള്ള ഒരു നല്ല നീക്കമാണ്. ഇത് വളരെ നേരത്തെ വരേണ്ടതായിരുന്നു. എങ്കിലും നിലവില്‍ അവതരിപ്പിച്ച ബില്‍ ഇന്ത്യയിലെ സാമൂഹിക അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതല്ല. നിയമനിര്‍മാണത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഒ.ബി.സിയില്‍ നിന്നും മുസ്ലിം സമുദായത്തില്‍ നിന്നുമുള്ളവര്‍ക്ക് ഉപസംവരണമില്ലാത്തതിനാല്‍ അത്തരം ജനവിഭാഗങ്ങളില്‍ നിന്ന് വനിതകള്‍ക്കുള്ള പ്രാതിനിധ്യം ലഭ്യമാകില്ല.

ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് (2006), പോസ്റ്റ്-സച്ചാര്‍ ഇവാലുവേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് (2014), വൈവിധ്യ സൂചികയെക്കുറിച്ചുള്ള വിദഗ്ധ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് (2008), എക്‌സ്‌ക്യൂസിവ് ഇന്ത്യ റിപ്പോര്‍ട്ട് (2013-14), 2011 സെന്‍സസ്, ഏറ്റവും പുതിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് തുടങ്ങിയ വിവിധ റിപ്പോര്‍ട്ടുകളും പഠനങ്ങളും എല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ മുസ്ലിംകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ സാമൂഹിക-സാമ്പത്തിക സൂചികകളില്‍ വളരെ പിന്നിലാണ് എന്നാണ്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും മുസ്ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ഇത് ജനസംഖ്യയുടെ അനുപാതത്തിന് അടുത്തുപോലും എത്തുന്നില്ല. അടുത്ത സെന്‍സസ് പ്രസിദ്ധീകരിക്കുന്നതിനും തുടര്‍ന്നുള്ള ഡീലിമിറ്റേഷന്‍ നടപടികള്‍ക്കും ശേഷം മാത്രമേ നിര്‍ദിഷ്ട സംവരണം പ്രാബല്യത്തില്‍ വരൂ എന്നതിനാല്‍ 2030-ന് ശേഷം മാത്രമേ ബില്ലിന്റെ ഗുണഫലങ്ങള്‍ ലഭിക്കൂ.

അതിനാല്‍, ഈ ബില്ല് അവതരിപ്പിച്ചത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ടയായി മാത്രമാണെന്നും അത്മാര്‍ഥതയോടെയല്ലെന്നുമാണ് വിലയിരുത്താനാകുക. അസമത്വം നീക്കം ചെയ്യാനുള്ള അനേകം വഴികളില്‍ ഒന്ന് സംവരണമാണ്. വനിതാ സംവരണ ബില്ലില്‍ ഒ.ബി.സി, മുസ്ലിം സ്ത്രീകളെ അവഗണിക്കുന്നത് അന്യായമാണെന്നും ”സബ് കാ സാത്ത്, സബ് കാ വികാസ്” എന്ന നയത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles