Current Date

Search
Close this search box.
Search
Close this search box.

ജനസംഖ്യയുടെ 14 ശതമാനത്തിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ല: ഉവൈസി

ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ പരാജയങ്ങളെക്കുറിച്ചും പറയേണ്ടത് നിര്‍ബന്ധമാണെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. മുസ്ലിംകള്‍ക്കും സിഖുകള്‍ക്കുമെതിരെ രാജ്യത്ത് നടന്ന കൂട്ടക്കൊലകള്‍, പാര്‍ലമെന്റ് പാസാക്കിയ ക്രൂരനിയമങ്ങള്‍, പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം എന്നിവ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംസാരിക്കവേ പറഞ്ഞു.

ടാഡ (തീവ്രവാദവും വിഘടന പ്രവര്‍ത്തനങ്ങളും തടയുന്ന നിയമം), യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം), AFSPA (ആംഡ് ഫോഴ്സ് (പ്രത്യേക അധികാരങ്ങള്‍) നിയമം), പോട്ട (ഭീകരവാദം തടയല്‍ നിയമം, 2002) എന്നീ കരി നിയമങ്ങള്‍ പാസാക്കിയ ഇപ്പോഴത്തെയും മുന്‍ സര്‍ക്കാരുകളെയും ഉവൈസി തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഇത്തരം നിയമങ്ങള്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കാനും സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുസ്ലീങ്ങള്‍ക്കും കശ്മീരികള്‍ക്കും ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. അത് സിഎഎയോ കാര്‍ഷിക ബില്ലുകളോ പട്ടികജാതി സംവരണമോ ആകട്ടെ. ജനാധിപത്യത്തിന്റെ – പാര്‍ലമെന്റ് ഹൗസിന്റെ – ഹൃദയം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഇതുവരെയുള്ള ലോക്സഭയിലെ 8,992 അംഗങ്ങളില്‍ 520 പേര്‍ മാത്രമാണ് മുസ്ലിംകളെന്ന് ഒവൈസി ചൂണ്ടിക്കാട്ടി.

ഇതുവരെ 1,070 മുസ്ലീം എം.പിമാരെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 14 ശതമാനമാണെങ്കിലും അവര്‍ക്ക് പാര്‍ലമെന്റില്‍ 4.8 ശതമാനം പ്രാതിനിധ്യം മാത്രമേയുള്ളൂ-അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വോട്ടര്‍മാരായി, പക്ഷേ ആ വോട്ട് എടുക്കുന്നവരാകാന്‍ കഴിഞ്ഞില്ല. ജനസംഖ്യയുടെ 14 ശതമാനത്തിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാത്തപ്പോള്‍ നിങ്ങള്‍ എന്ത് തീരുമാനങ്ങള്‍ എടുക്കും? 1984ലെ സിഖ് വംശഹത്യ, ബാബറി മസ്ജിദ് തകര്‍ക്കല്‍, ഭഗല്‍പൂര്‍ മുസ്ലീം കൂട്ടക്കൊല, മുസാഫര്‍നഗര്‍ അക്രമം, ഗുജറാത്ത് മുസ്ലീം വംശഹത്യ തുടങ്ങിയ സംഭവങ്ങളും ഉവൈസി അനുസ്മരിച്ചു.

ഭരണഘടനയെ സര്‍ക്കാര്‍ സത്യസന്ധമായി പാലിച്ചില്ലെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതില്‍ അര്‍ത്ഥമില്ലെന്നും ഒവൈസി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗം കണ്ടെത്തിയില്ലെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം മറ്റൊരു ‘ഹിറ്റ്‌ലറുടെ റീച്ച്സ്റ്റാഗ്’ ആകുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

Related Articles