Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഹിന്ദുത്വവാദികള്‍, എ.ഐ.എം.ഐ.എമ്മുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ല: ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനക്ക് ഹിന്ദുത്വയോട് പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തങ്ങള്‍ ഒരിക്കലും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനുമായി (എ.ഐ.എം.ഐ.എം) സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സര്‍ക്കാരുമായി സഖ്യം ചേരാന്‍ തയ്യാറാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് താക്കറെയുടെ പരാമര്‍ശം. ഔറംഗസേബിന്റെ ശവകുടീരത്തിന് മുന്‍പില്‍ തലകുനിക്കുന്ന അവരുമായി യാതൊരു സഖ്യത്തിനുമില്ലെന്നും തങ്ങള്‍ ഹിന്ദുത്വ വാദികളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സഖ്യ വാഗ്ദാനം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞു.

‘എ.ഐ.എം.ഐ.എമ്മുമായി ആരാണ് സഖ്യത്തിന് ശ്രമിച്ചത്? ഇത് ബി.ജെ.പിയുടെ ഗെയിം പ്ലാനും ഗൂഢാലോചനയുമാണ്. എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ മൗനധാരണയുണ്ട്. ശിവസേനയെ അപകീര്‍ത്തിപ്പെടുത്താനും ശിവസേനയുടെ ഹിന്ദുത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താനും എ.ഐ.എം.ഐ.എമ്മിനോട് ബി ജെ പി ഉത്തരവിട്ടു. അതനുസരിച്ചാണ് എ.ഐ.എം.ഐ.എം നേതാക്കള്‍ സഖ്യം ഉണ്ടാക്കാന്‍ സന്നദ്ധമാണെന്ന് പറയുന്നത്’ താക്കറെയെ ഉദ്ധരിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശിവസേന പ്രചരിപ്പിക്കുന്ന ഹിന്ദുത്വത്തെ സംശയിക്കുന്നവരെ നശിപ്പിക്കണമെന്ന് ശിവസേന നേതാക്കളോട് താക്കറെ ആവശ്യപ്പെട്ടു. ‘ശിവസേന ഒരു ഉറച്ച ഹിന്ദുത്വവാദി സംഘടനയാണ്. അന്നും ഇന്നും അത് ഹിന്ദുത്വവാദിയാണ്. ശിവസേനയുടെ ഹിന്ദുത്വം മായം കലര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles