Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശ്: ക്യാംപസിനകത്ത് നമസ്‌കരിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ പരാതി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹരിസിങ് ഗൂര്‍ കേന്ദ്ര സര്‍വകലാശാലയിലെ ക്യാംപസിനകത്ത് വെച്ച് നമസ്‌കരിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല അധികൃതര്‍. പെണ്‍കുട്ടി ക്ലാസ് റൂമിനകത്ത് വെച്ച് നമസ്‌കരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതിനെ തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

കര്‍ണാടകയിലെ ഹിജാബ് നിരോധനം പരാമര്‍ശിച്ച് പരാതിക്കാര്‍ ക്ലാസ്‌റൂമിനകത്ത് ഹിജാബ് ധരിച്ച് ആരാധന നിര്‍വഹിച്ച പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാര്‍ച്ച് 26ന് ഹിന്ദു ജാഗരണ്‍ സമിതിയാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. 19 സെക്കന്റുള്ള വീഡിയോ മുന്‍നിര്‍ത്തി ഹിന്ദു ജാഗരണ്‍ മഞ്ച് ആണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇതിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും ഇതൊരു കേന്ദ്ര സര്‍വ്വകലാശാലയായതിനാല്‍ എല്ലാ മതപരമായ പ്രവര്‍ത്തനങ്ങളും വ്യക്തിപരമായ സ്ഥലങ്ങളില്‍/മത സ്ഥലങ്ങളില്‍ നടത്തണമെന്ന് എല്ലാ വിദ്യാര്‍ത്ഥികളോടും നിര്‍ദേശിക്കുകയും ചെയ്യുന്നതായി ഡോ. ഹരിസിങ് ഗൂര്‍ സാഗര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നീലിമ ഗുപ്ത പറഞ്ഞു. ഇക്കാര്യം എ.എന്‍.ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോപണവിധേയമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ആറംഗ സമിതിയെ രൂപീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔപചാരിക ഡ്രസ് കോഡ് ഇല്ല. അതേസമയം, നമസ്‌കാരത്തിനെതിരെ പ്രതിഷേധ സൂചകമായി വിശ്വഹിന്ദു പരിഷത്ത് സര്‍വകലാശാല വളപ്പില്‍ ഹനുമാന്‍ ചാലിസ പാരായണം സംഘടിപ്പിച്ചു.

അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അതിന്റെ പരിസരത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്ന് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മതപരമായ ആചാരങ്ങള്‍ വീട്ടിലോ ആരാധനാലയത്തിലോ വെച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ ഉണ്ടായാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles