Current Date

Search
Close this search box.
Search
Close this search box.

ഏകീകൃത സിവില്‍കോഡ് അംഗീകരിക്കാനാകില്ല; നിയമ കമ്മീഷനോട് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡിനെ കുറിച്ച് നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് (എഐഎംപിഎല്‍ബി). ഏകീകൃത സിവില്‍കോഡ് സ്വീകരിക്കാനാകില്ലെന്നും ശരീഅത്തിന്റെ (ഇസ്ലാമിക ജീവിതരീതി) അടിസ്ഥാന രൂപത്തില്‍ ചെറിയ മാറ്റം പോലും അംഗീകരിക്കാനാകില്ലെന്നും മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം മൗലികാവകാശമായാണ് കണക്കാക്കുന്നതെന്നും സംഘം ഓര്‍മിപ്പിച്ചു. പ്രസിഡന്റ് ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയുടെ നേതൃത്വത്തിലുള്ള മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് സംഘം നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിതുരാജ് അവാസ്ഥിയെ സന്ദര്‍ശിച്ചാണ് നിലപാട് അറിയിച്ചത്. ബുധനാഴ്ചയാണ് സംഘം സന്ദര്‍ശനം നടത്തിയത്.

മുസ്ലിം വ്യക്തി നിയമം ഖുര്‍ആനും സുന്നത്തും (പ്രവാചകന്റെ വാക്കുകളും പ്രവൃത്തിയും) അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് മാറ്റിമറിക്കാനാകില്ലെന്നും പേഴ്സണല്‍ ലോബോര്‍ഡ് സംഘം വ്യക്തമാക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെ ഏകീകൃത നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നിരിക്കെ എന്തുകൊണ്ട് മുസ്ലിംകളെ ഒഴിവാക്കുന്നില്ലെന്നും മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് ചോദിച്ചു. ആര്‍ക്കെങ്കിലും മതപരമായ വ്യക്തിനിയമത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ക്ക് സ്പെഷ്യല്‍ മാരേജ് രജിസ്ട്രേഷന്‍ പ്രകാരം വിവാഹം ചെയ്യാമെന്നും അത് മതേതര നിയമമാണെന്നും ബോര്‍ഡ് ഓര്‍മിപ്പിച്ചു.

നിയമ കമ്മീഷന്‍ ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ മാറ്റം നിര്‍ദേശിക്കുന്നില്ലെന്നും ചില നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുമ്പില്‍ വെക്കുകയാണ് ചെയ്യുകയെന്നും ചെയര്‍മാന്‍ പറഞ്ഞതായി മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സര്‍ക്കാറാണ് അന്തിമ തീരുമാനമെടുക്കുകയെന്നും പറഞ്ഞു.

 

Related Articles