Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ നിയന്ത്രണങ്ങളും തടവും: ആശങ്കയറിയിച്ച് യു.എസ്

വാഷിങ്ടണ്‍: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും രാഷ്ട്രീയ നേതാക്കളെ അന്യായമായി അറസ്റ്റു ചെയ്ത നടപടികളിലും ആശങ്കയറിയിച്ച് വീണ്ടും യു.എസ് രംഗത്ത്. കശ്മീരില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണെന്നും കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു. നേരത്തെയും കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസ് വൃത്തങ്ങളും രംഗത്തു വന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമത്തിന് തയാറാണെന്നായിരുന്നു നേരത്തെ ട്രംപ് അറിയിച്ചിരുന്നത്.

അതേസമയം തുടര്‍ച്ചയായ 27ാമത്തെ ദിവസവും കശ്മീരില്‍ നിയന്ത്രണങ്ങളും രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലും തുടരുകയാണ്. ചിലയിടങ്ങളില്‍ ജനങ്ങളും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായതായും പ്രതിഷേധക്കാരെ സൈന്യം ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 370ാം വകുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മേഖലയിലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചെങ്കിലും കശ്മീര്‍ അടക്കം മിക്കയിടങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ വീട്ടുതടങ്കലിലാണ്.

Related Articles