Current Date

Search
Close this search box.
Search
Close this search box.

യു.എസ് വെടിനിര്‍ത്താന്‍ ആവശ്യപ്പെടുമ്പോഴും ബോംബിങ്ങ് ശക്തമാക്കി ഇസ്രായേല്‍; മരണം 9,000 കടന്നു

ഗസ്സ സിറ്റി: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെടുന്നതിനിടെയും ഗസ്സ മുനമ്പില്‍ ബോംബിങ് ശക്തമാക്കി ഇസ്രായേല്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും കര-വ്യോമ ആക്രമണങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിലെത്തും. അദ്ദേഹത്തിന്റെ മൂന്നാമത്തെ യാത്രയാണിത്. തുടര്‍ന്ന്് ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും വെടിനിര്‍ത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗസ്സയിലെ ഇന്നത്തെ അപ്‌ഡേറ്റുകള്‍:

  • ഫലസ്തീനികള്‍ അഭയം പ്രാപിച്ച യു.എന്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചു. ഇതുവരെയായി 9,000 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 32,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • ഗസ്സയിലെ പ്രധാന ആശുപത്രികളിലൊന്നിലെ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. ഇസ്രായേല്‍ പ്രസവാശുപത്രി നേരെയും ബോംബിട്ടു.
  • വെള്ളിയാഴ്ച രാവിലെ ഗസ്സയില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
  • ഇസ്രായേല്‍ സൈനികരുടെ ആകെ മരണസംഖ്യ 23 ആയി ഉയര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
  • ഉപരോധ പ്രദേശത്തിന്റെ വടക്കന്‍ ഭാഗത്ത് ഇസ്രായേല്‍ സൈന്യം മുന്നോട്ട് നീങ്ങുകയാണെന്നും ഗസ്സസ സിറ്റിയുടെ പരിസരം വളഞ്ഞതായും സൈനിക വക്താവ് പറഞ്ഞു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ല ഇന്ന് പൊതു പ്രസംഗം നടത്തും.
  • റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യു.എസ് ജനപ്രതിനിധി സഭ ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുന്ന ബില്‍ പാസാക്കി.
  • ഗസ്സയിലെ അല്‍-ഖുദ്സ് ആശുപത്രി പരിസരത്ത് ഇസ്രായേല്‍ സൈന്യം പുതിയ വ്യോമാക്രമണം നടത്തി.
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി റെയ്ഡുകള്‍ തുടരുകയാണ്. നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Related Articles