Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരവാദ ഭീഷണി ഉണ്ടാകുമെന്ന് യു.എസ് സഖ്യകക്ഷികള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മാറിയിട്ടില്ല. വിവിധ രാജ്യങ്ങളിലേക്ക് മടങ്ങുന്ന വിദേശികളുടെയും പലായനം ചെയ്യുന്ന അഫ്ഗാനികളുടെയും ഒഴുക്ക് മാറ്റമില്ലാതെ തുടരുകയാണ്.

കാബൂള്‍ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ജനങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടിരിക്കുകയാണ്. അഫ്ഗാന്‍ പൗരന്മാര്‍ മറ്റു രാജ്യങ്ങളിലേക്ക് പോകരുതെന്നും ഇവിടെ തുടരണമെന്നും താലിബാന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ജനങ്ങള്‍ രക്ഷപ്പെടുകയാണ്. ബുധനാഴ്ച മന്ദഗതിയിലായിരുന്ന ഒഴിപ്പിക്കല്‍ വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് യു.എസ് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1500 അമേരിക്കന്‍ പൗരന്മാര്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ച പറഞ്ഞു. അതേസമയം, കാബൂള്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തോട് ഈ പ്രദേശം വിട്ടുപോകാന്‍ അമേരിക്ക ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ ഒരു ‘തീവ്രവാദി’ ആക്രമണത്തിന്റെ ‘ഉയര്‍ന്ന ഭീഷണി’യുണ്ടാകാമെന്ന് ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ആഗസ്റ്റ് 31ന് നിശ്ചയിച്ചിരുന്ന പിന്‍വാങ്ങലിന് മുമ്പ് സാധ്യമാകുംവിധം അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കുന്നതിന് പാശ്ചാത്യ സൈന്യങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടുപോകുന്നതിനിടെ വ്യാഴാഴ്ചയാണ് യു.എസിന്റെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

കാബൂളിലെ ആബി ഗേറ്റ്, ഈസ്റ്റ് ഗേറ്റ് അല്ലെങ്കില്‍ നോര്‍ത്ത് ഗേറ്റിലുള്ളവര്‍ ഇപ്പോള്‍തന്നെ വിട്ടുപോകേണ്ടതാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ ഡിപ്പാര്‍ട്ട്മെന്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ സുരക്ഷിതമായി അഫ്ഗാന്‍ വിടാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ഉടന്‍തന്നെ അത് ചെയ്യണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസും നിര്‍ദേശം നല്‍കി.

Related Articles