Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിദ്യാര്‍ത്ഥിയെ അടിപ്പിച്ച തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു

ലഖ്‌നൗ: വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായപ്പോള്‍ ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ഒടുവില്‍ കേസെടുത്തു. പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കോടതിയുടെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നും കോടതിയുടെ ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാന്‍ കഴിയില്ലെന്നും പൊലിസ് അറിയിച്ചു. കാരണം പൊലിസ് അത്തരം വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ സെക്ഷന്‍ 323, ഐ.പി.സി 504 സ്വമേധയാ ഉപദ്രവിച്ചതിനുള്ള ശിക്ഷയും (സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂര്‍വമായ അപമാനം) പ്രകാരവുമാണ് കേസെടുത്തത്.

മന്‍സൂര്‍പൂര്‍ പൊലിസ് ആണ് 323 വകുപ്പ് പ്രകാരം കേസെടുത്തത്. non cognizable report (NCR) വകുപ്പ് പ്രകാരമാണ് (അതായത് വാറണ്ടില്ലാതെ പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല) കേസെടുത്തത്. ഇതിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത്തരം വകുപ്പ് ചുമത്തിയാല്‍ അന്വേഷണം ആരംഭിക്കാന്‍ പോലീസിന് കോടതിയുടെ അനുമതി ആവശ്യമാണ്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്‌കൂളിലെ ക്ലാസ്മുറിയില്‍ മുമ്പിലായി നിര്‍ത്തിയ മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്.

‘ഞാന്‍ എല്ലാ മുഹമ്മദന്‍സ് (മുസ്ലിം) കുട്ടികളെ അടിക്കുന്നു’വെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ തൃപ്ത ശകാരിക്കുന്നുണ്ട്. ഇര്‍ഷദെന്നയാളുടെ മകന്‍ അല്‍ത്തമാഷാണ് മര്‍ദിക്കപ്പെട്ടത്. പിതാവ് ഇന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

Related Articles