Current Date

Search
Close this search box.
Search
Close this search box.

സി.എ.എ സമരക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.പി പൊലിസ്

ലഖ്‌നൗ: സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ സര്‍ക്കാരിന് പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ നോട്ടീസ്. സമരത്തിനിടെ വസ്തു വകകള്‍ നശിപ്പിച്ചതിന് 57 ലക്ഷം രൂപയാണ് പൊലീസ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലാണ് പോലീസ് 60 പേര്‍ക്ക് നോട്ടീസ് നല്‍കിയതായി ശനിയാഴ്ച പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 2019 ഡിസംബര്‍ 20ന് ജനക്കൂട്ടം സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കുകയും പോലീസ് ജീപ്പിന് തീയിടുകയും ചെയ്തതായി നെഹ്തൗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പങ്കജ് തോമര്‍ പറഞ്ഞു. ജനക്കൂട്ടം പോലീസിനെ ആക്രമിച്ചതിനാല്‍ സ്വയം പ്രതിരോധത്തിന് വെടിയുതിര്‍ക്കേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. വെടിവെപ്പില്‍ അനസ്, സല്‍മാന്‍ എന്നീ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

2020 ഡിസംബറില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനുശേഷം, ഉത്തര്‍പ്രദേശിലെ നിരവധി പ്രതിഷേധക്കാരോട് സര്‍ക്കാര്‍സ്വത്ത് നശിപ്പിച്ചതിന് നഷ്ടപരിഹാരമായി പണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രതിഷേധക്കാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ 274 നോട്ടീസുകള്‍ പിന്‍വലിച്ചതായി ഫെബ്രുവരി 18ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസിലൂടെ പിരിച്ചെടുത്ത പണം തിരികെ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്.

Related Articles