Current Date

Search
Close this search box.
Search
Close this search box.

വീട്ടില്‍ വെച്ച് നമസ്‌കരിച്ചതിന് 26 പേര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച് യു.പി പൊലിസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വീട്ടില്‍ വെച്ച് നമസ്‌കാരം നടത്തിയെന്നാരോപിച്ച് 26 പേര്‍ക്കെതിരെ ചുമത്തിയ കേസ് യു.പി പൊലിസ് പിന്‍വലിച്ചു. രണ്ട് പേരുടെ വീട്ടില്‍ നിന്ന് നമസ്‌കാരം നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞയാഴ്ച പൊലിസ് കേസെടുത്തിരുന്നത്. തെളിവിനായി ഒരു വീഡിയോ ആണ് പൊലിസ് ശേഖരിച്ചിരുന്നത്. വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും കഴിഞ്ഞ ദിവസം പൊലിസ് പറഞ്ഞു.

മുഖ്യ പരാതിക്കാരനായ ചന്ദ്രപാല്‍ സിംഗ് നല്‍കിയ വീഡിയോ വ്യാജമാണെന്ന് മൊറാദാബാദ് പോലീസ് പറഞ്ഞു. ഹിന്ദുത്വ തീവ്ര സംഘടനയായ ബജ്റംഗ്ദളിലെ അംഗമാണ് സിംഗ്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്ന് പറയപ്പെട്ട തീയതിയില്‍ നമസ്‌കാരം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

‘നമസ്‌കാരത്തിനായി ഒരു കൂട്ടം ആളുകള്‍ കൂടിയതിനെക്കുറിച്ച് ചന്ദ്ര പാല്‍ സിംഗ് നല്‍കിയ പരാതി സത്യമല്ലെന്ന് കണ്ടെത്തി, ഞങ്ങള്‍ ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദാക്കുകയാണ്. ഗ്രാമവാസികള്‍ നല്‍കിയ വീഡിയോ ഒരുപക്ഷേ നേരത്തെ ചിത്രീകരിച്ചതായിരിക്കാം, ഓഗസ്റ്റ് 24 ന് നടന്ന ഒരു സംഗമത്തില്‍ നമസ്‌കാരം നടത്തിയതിന് തെളിവുകളൊന്നും അവരുടെ പക്കല്‍ ഇല്ലായിരുന്നുവെന്നും’മൊറാദാബാദ് എസ്.പി ഹേമന്ത് കുടിയാല്‍ പറഞ്ഞു.

നേരത്തെ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 505 (2) പ്രകാരമാണ് 26 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. യു.പി പോലീസിന്റെ നടപടിയെ നിരവധി പേര്‍ അപലപിച്ചിരുന്നു.

 

Related Articles