Current Date

Search
Close this search box.
Search
Close this search box.

വിദ്യാസമ്പന്നരായവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ സസ്‌പെന്റ് ചെയ്തു

ഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥികളോട് തെരഞ്ഞെടുപ്പുകളില്‍ വിദ്യാസമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ പുറത്താക്കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആയ ‘അണ്‍ അക്കാദമി’യാണ് കഴിഞ്ഞ ദിവസം കരണ്‍ സാങ്വാന്‍ എന്ന അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷപാതരഹിതമായ അറിവ് നല്‍കാനുള്ള കമ്പനിയുടെ പെരുമാറ്റച്ചട്ടം കരണ്‍ ലംഘിച്ചുവെന്ന് അണ്‍അക്കാഡമി സഹസ്ഥാപകന്‍ റോമന്‍ സൈനി പറഞ്ഞു. ‘ക്ലാസ് മുറി വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല, കാരണം അവ തെറ്റായി സ്വാധീനിക്കും,നിലവിലെ സാഹചര്യത്തില്‍, പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ കരണ്‍ സാങ്വാനുമായി പിരിയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.’ സൈനി പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കരണ്‍ ക്ലാസില്‍ ഇക്കാര്യം പറഞ്ഞത്. ‘ചിരിക്കണോ കരയണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കുക – അടുത്ത തവണ നിങ്ങള്‍ വോട്ടുചെയ്യുമ്പോള്‍, വിദ്യാസമ്പന്നനായ ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക, അങ്ങനെ തെരഞ്ഞെടുത്താല്‍ നിങ്ങള്‍ ജീവിതത്തില്‍ ഇതെല്ലാം അനുഭവിക്കേണ്ടതില്ല … പേര് മാറ്റാന്‍ മാത്രം അറിയാവുന്ന ഒരാള്‍ക്ക് വോട്ട് ചെയ്യരുത്.’ എന്നാണ് അദ്ദേഹം ക്ലാസില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

എന്നാല്‍, വീഡിയോയില്‍ ഒരു രാഷ്ട്രീയ നേതാവിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പേര് സാംഗ്വാന്‍ പരാമര്‍ശിച്ചിട്ടില്ല, എങ്കിലും, ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിനും അക്കാദമിക്കും എതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധ്യാപകനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

 

Related Articles