Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് യു.എന്‍

ജനീവ: 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച യു.എ.ഇയിലെ ജനാധിപത്യ പോരാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഹ്മദ് മന്‍സൂറിനെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും ജനാധിപത്യ പോരാട്ട പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനുമാണ് യു.എ.ഇ സുരക്ഷ കോടതി മന്‍സൂറിനെതിരെ വിധി പ്രസ്താവിച്ചത്. അറസ്റ്റു ചെയ്യുന്നതിന് മുന്‍പ് മന്‍സൂറിന്റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ പരസ്യമായി മനുഷ്യാവകാശത്തിനായി ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ കുറ്റം ചുമത്തുകയും 1 മില്യണ്‍ ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടിയും മനുഷ്യാവകാശപ്രവര്‍ത്തനത്തിനു വേണ്ടി പോരാടിയതിനുമാണ് മന്‍സൂറിനെതിരെ യു.എ.ഇ കടുത്ത ശിക്ഷ വിധിച്ചതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ വക്താവ് റാവിന ഷംദസാനി ജനീവയില്‍ വെച്ച് പറഞ്ഞു. അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാന്‍ തങ്ങള്‍ യു.എ.ഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 49കാരനായ മന്‍സൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറും കവിയുമാണ്.

Related Articles