Current Date

Search
Close this search box.
Search
Close this search box.

7 ദിവസത്തെ ഇടക്കാല ജാമ്യം; ഒടുവില്‍ ഉമര്‍ ഖാലിദ് ജയില്‍ മോചിതന്‍

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇടക്കാല ജാമ്യം ലഭിച്ച ഉമര്‍ ഖാലിദ് ഒടുവില്‍ ജയില്‍ മോചിതനായി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഏഴു ദിവസം ഡല്‍ഹി കോടതി ഉമറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വെള്ളിഴാഴ്ച രാവിലെ ഏഴു മണിയോടെ ഉമര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

രാവിലെ 8.30ന് ഖാലിദ് വീട്ടിലെത്തിയതായി അദ്ദേഹത്തിന്റെ കുടുംബവും അറിയിച്ചു. ഖാലിദിനെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പൊലിസ് അനുവദിച്ചില്ലെന്നും പിതാവ് എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു.

രണ്ടാഴ്ചത്തെ ജാമ്യം തേടിയ ഹരജിയില്‍ ഡിസംബര്‍ 12നാണ് ഡല്‍ഹി കോടതി ഖാലിദിന് ഇടക്കാല ജാമ്യം അനുവദച്ചത്. എന്നാല്‍ ഡിസംബര്‍ 23 മുതല്‍ ഡിസംബര്‍ 30 വരെ ഒരാഴ്ചത്തെ ജാമ്യം മാത്രമാണ് കോടതി അനുവദിച്ചത്. 2020 സെപ്റ്റംബറിലാണ് ഡല്‍ഹി കലാപകേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

2020 ഫെബ്രുവരി 23നും ഫെബ്രുവരി 26നും ഇടയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും തമ്മില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് ഉമറിനെതിരെ കേസെടുത്തിരിക്കുന്നത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.

Related Articles