Current Date

Search
Close this search box.
Search
Close this search box.

ഐ.എസില്‍ ചേര്‍ന്ന വനിതയുടെ പൗരത്വം യു.കെ റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും 15ാം വയസ്സില്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന്റെ പൗരത്വം യു.കെ റദ്ദാക്കി. ഷമീമയുടെ കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പൗരത്വം റദ്ദാക്കുന്നതായി അധികൃതര്‍ അറിയിച്ചത്. ചൊവ്വാഴ്ച ഐ.ടി.വി ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

19കാരിയായ ഷമീമ ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപിലാണുള്ളത്. ഗര്‍ഭിണിയായ ഇവര്‍ തിരിച്ച് ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ ഷമീമയെ തിരിച്ച് ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷമീമ സുഹൃത്തുക്കളോടൊപ്പം സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയറിയുന്ന ഐ.എസ് പോരാളിയെ വിവാഹം കഴിക്കുകയായിരുന്നു. സിറിയയില്‍ ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നീക്കം ശക്തമാക്കിയ സന്ദര്‍ഭത്തിലാണ് ഷമീമ ഐ.എസ് പാളയത്തില്‍ നിന്നും രക്ഷതേടി സിറിയയിലെ അഭയാര്‍ത്ഥി ക്യാംപിലെത്തിയത്. നേരത്തെ രണ്ട് കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കിയിരുന്നെങ്കിലും പോഷകാഹാരക്കുറവ് മൂലം മരണപ്പെടുകയായിരുന്നു. ഐ.എസില്‍ ചേര്‍ന്നതില്‍ കുറ്റബോധമില്ല എന്നും അഭയാര്‍ത്ഥി ക്യാംപില്‍ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

Related Articles