Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തിന് ശേഷം ആദ്യമായി യു.എ.ഇ ഭരണാധികാരി ഖത്തറില്‍

അബൂദബി: യു.എ.ഇ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തിങ്കളാഴ്ച ഖത്തറിലെത്തി. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മുഹമ്മദ് ബിന്‍ സായിദിനൊപ്പം എമിറാത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദും മറ്റ് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഉപരോധശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളും നേരത്തെ ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെത്തിയിരുന്നു. ഈ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

2013ല്‍ ഈജിപ്തിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ബന്ധം വേര്‍പ്പെട്ടതിന് ശേഷം സിസിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കും നേരത്തെ ഖത്തര്‍ അമീര്‍ സൗകര്യമൊരുക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍, ബഹ്റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നിവര്‍ ഖത്തരിനെതിരായ നാല് വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ചിരുന്നു, എന്നാല്‍ അബുദാബിയും ദോഹയും തമ്മിലുള്ള ബന്ധം റിയാദ്, കെയ്റോ എന്നിവയുമായുള്ള അതേ വേഗതയില്‍ ഊഷ്മളമായിരുന്നില്ല.

Related Articles