Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ദ്വിരാഷ്ട്രപരിഹാരം മുഖ്യ ചര്‍ച്ചയിലേക്ക് വരണം: സൗദി

റിയാദ്: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം എന്നത് മുഖ്യധാര ചര്‍ച്ചയിലേക്ക് വരണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാവുകയല്ലാതെ ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് പരിഹാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. അവിടെ
ഒരാഴ്ച നടക്കുന്ന യോഗത്തില്‍ ലോക നേതാക്കള്‍ പ്രസംഗിക്കുന്നുണ്ട്.

ഈ മാസം ആദ്യം, സൗദിയും ഇസ്രായേലും തമ്മിലുള്ള സാധാരണവല്‍ക്കരണ കരാറില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ (പി.എ) പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫലസ്തീന്‍ പ്രതിനിധി സംഘം സൗദി അറേബ്യയിലേക്ക് പോയിരുന്നു. പ്രത്യേക ആവശ്യങ്ങള്‍ അവതരിപ്പിക്കാതെ തന്നെ രാജ്യം ഉന്നയിക്കുന്ന വിഷയങ്ങള്‍ പി.എ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

2002 മുതല്‍ കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ആഹ്വാനം ചെയ്യുന്ന അറബ് സമാധാന പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്ന സൗദി ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള വാഗ്ദാനത്തില്‍ നിന്നും പിന്മാറിയിരുന്നു.

 

Related Articles