Current Date

Search
Close this search box.
Search
Close this search box.

എസ്-400: യു.എസ് ഉപരോധമേര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കുമെന്ന് തുര്‍ക്കി

അങ്കാറ: റഷ്യയില്‍ നിന്നും എസ് 400 യുദ്ധ വിമാനങ്ങള്‍ വാങ്ങിയതില്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന യു.എസിന്റെ ഭീഷണിക്ക് മറുപടിയുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി. യു.എസ് ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ തുര്‍ക്കി തിരിച്ചടിക്കുമെന്നും പ്രതികാരനടപടികള്‍ കൈകൊള്ളുമെന്നും വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കൊവസോഗ്ലു പറഞ്ഞു. പ്രസിഡന്റ് ട്രംപ് ഇത്തരം നടപടികള്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ഞങ്ങള്‍ അവരോട് പറഞ്ഞതാണ്. ഇതൊരു ഭീഷണിയോ വെറുതെ വീമ്പു പറയുകയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് റഷ്യയില്‍ നിന്നുള്ള എസ് 400 മിസൈലുകളുടെ ആദ്യ ബാച്ച് തുര്‍ക്കിയിലെത്തിയത്. തുടര്‍ന്ന് തുര്‍ക്കി ഇടപാട് റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം യു.എസിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് റഷ്യയുമായുള്ള മിസൈല്‍ ഇടപാട് തുടരുമെന്നും അടുത്ത പടിയായി റഷ്യയുമായി ചേര്‍ന്ന് എസ് 400 പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എസ് 400 മിസൈലുകളാണ് തുര്‍ക്കി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യത്തെ ചരക്കാണ് അങ്കാറയിലെത്തിയത്. 2019 ഒക്ടോബറോടെയാണ് മിസൈലുകള്‍ പ്രവര്‍ത്തനക്ഷമമാകുക.

Related Articles