Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ലക്ഷ്യത്തിന് ശക്തമായ പിന്തുണ നല്‍കി തുര്‍ക്കി; ഉര്‍ദുഗാന്‍ അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

അങ്കാറ: ഫലസ്തീന്‍ ലക്ഷ്യത്തിനായി ശക്തമായ രീതിയില്‍ തന്നെ പിന്തുണ നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി അങ്കാറയില്‍ വെച്ച് ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അല്‍-അഖ്സയുടെ ചരിത്രപരമായ പ്രാധാന്യം മാറ്റാനുള്ള ഒരു ശ്രമവും തന്റെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഉര്‍ദുഗാന്‍ ചൊവ്വാഴ്ച പറഞ്ഞു. തുര്‍ക്കിയ എന്ന നിലയില്‍, ഞങ്ങള്‍ ഫലസ്തീനിയന്‍ ലക്ഷ്യത്തെ സാധ്യമായി ഏറ്റവും ശക്തമായ രീതിയില്‍ പിന്തുണയ്ക്കുന്നത് തുടരും. അനധികൃത കുടിയേറ്റക്കാരുടെ അക്രമങ്ങളില്‍ ഞങ്ങള്‍ക്ക് അഗാധമായ ഉത്കണ്ഠയുണ്ട്,’ സംയുക്ത പത്രസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

പുണ്യസ്ഥലങ്ങളുടെ, പ്രത്യേകിച്ച് അല്‍-അഖ്‌സ മസ്ജിദിന്റെ ചരിത്രപരമായ തല്‍സ്ഥിതി മാറ്റാന്‍ ശ്രമിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഫലസ്തീനികളുടെ ഐക്യവും അനുരഞ്ജനവുമാണ് ഈ പ്രക്രിയയിലെ പ്രധാന ഘടകങ്ങളെന്നും ഇസ്രായേല്‍ ‘ചുവന്ന വര’ കടന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേല്‍ സൈന്യം ജറൂസലേമിലെ അല്‍ അഖ്സ മസ്ജിദിനു നേരെ ആക്രമമഴിച്ചുവിട്ടിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു, എന്നാല്‍ നെതന്യാഹുവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് യാത്ര മാറ്റിവെച്ചു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ 60 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് 2018-ല്‍ തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധം അകറ്റിനിര്‍ത്തിയിരുന്നു.

Related Articles