Current Date

Search
Close this search box.
Search
Close this search box.

കരിങ്കടലിലെ പ്രകൃതിവാതക ശേഖരണം വര്‍ധിപ്പിച്ച് തുര്‍ക്കി

അങ്കാറ: കരിങ്കടലില്‍ കണ്ടെത്തിയ പ്രകൃതി വാതക ശേഖരണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങി തുര്‍ക്കി. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനാണ് വാതകത്തിന്റെ കരുതല്‍ ശേഖരണം 405 ബില്യണ്‍ ക്യുബിക് മീറ്ററിലേക്ക് എത്തിയതെന്ന് അറിയിച്ചത്. 85 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം പുതുതായി കരിങ്കടലില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ കരുതല്‍ ശേഖരണം വര്‍ധിപ്പിക്കാനാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഓഗസ്റ്റിലാണ് തുര്‍ക്കിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം കരിങ്കടലില്‍ കണ്ടെത്തിയത്. തുര്‍ക്കി തീരത്തുനിന്നും 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് ഫാതിഹ് പര്യവേക്ഷണ കപ്പല്‍ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. ലോകത്ത് തന്നെ 2020ലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരത്തിന്റെ കണ്ടെത്തലാണ് കഴിഞ്ഞ ദിവസത്തെ കണ്ടെത്തലിലൂടെ ഉണ്ടായിട്ടുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ആസൂത്രണം ചെയ്ത പോലെ 4775 മീറ്റര്‍ ആഴത്തില്‍ പര്യവേക്ഷണം നടത്തിയശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഫാതിഹ് കപ്പലില്‍ നടന്ന ചടങ്ങിലാണ് ഉര്‍ദുഗാന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

Related Articles