Current Date

Search
Close this search box.
Search
Close this search box.

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി

തിരുവനന്തപുര: തിരുവനന്തപുരത്ത് എയ്ഡഡ് സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. ശംഖുമുഖം സെന്റ് റോച്ചെസ് കോണ്‍വെന്റ് സ്‌കൂളിലാണ് കഴിഞ്ഞ ദിവസം വിവാദമായ സംഭവമുണ്ടായത്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ശനിയാഴ്ചയാണ് സ്‌കൂളില്‍ തട്ടമിട്ടെത്തിയ വിദ്യാര്‍ത്ഥികളോട് മെയിന്‍ ഗേറ്റിനു മുന്നില്‍ വെച്ച് ഷാള്‍ അഴിച്ചുമാറ്റാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടത്. ക്ലാസില്‍ കയറുമ്പോള്‍ മാത്രം ഹിജാബ് മാറ്റിവച്ചാല്‍ മതി എന്നായിരുന്നു നേരത്തെ സ്‌കൂളിലെ നിയമം. എന്നാല്‍ പുറത്തു വെച്ച് ഹിജാബ് ഊരാന്‍ നിര്‍ബന്ധിച്ചതോടെ കുട്ടികള്‍ വിഷയം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായെത്തി. കര്‍ണാടകയിലേതിന് സമാനമായ സംഭവമാണ് ഇതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

വര്‍ഷങ്ങളായി ക്ലാസില്‍ ഹിജാബ് അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ ഇത് യൂണിഫോമിന് വിരുദ്ധമാണെന്നും ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആദ്യം മാനേജ്‌മെന്റ് സ്വീകരിച്ചത്. എന്നാല്‍ സ്‌കൂളിലെ രണ്ടാം ഗേറ്റിനുള്ളില്‍ വരെ ഹിജാബ് ധരിക്കാമെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചു. പക്ഷെ ക്ലാസിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് വരെ പ്രതിഷേധിക്കുമെന്ന് പിന്നീട് രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള ചില സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഹിജാബിന് വിലക്കുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തിന് വിലക്കില്ല.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles