Current Date

Search
Close this search box.
Search
Close this search box.

തേജസ് ദിനപ്പത്രം അച്ചടി നിര്‍ത്തുന്നു

കോഴിക്കോട്: പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഇതു സംബന്ധിച്ച് മാനേജ്‌മെന്റ് ഭാരവാഹികള്‍ തിങ്കളാഴ്ച കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ തന്നെ പത്രം അടച്ചു പൂട്ടുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡിസംബര്‍ 31നാണ് അച്ചടി നിര്‍ത്തുക. അതേസമയം നിലവിലുള്ള ദ്വൈവാരിക വാരികയാക്കി നിലനിര്‍ത്താനും ഓണ്‍ലൈന്‍ പതിപ്പ് കൂടുതല്‍ പരിഷ്‌കരിച്ച് സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇതുസബന്ധിച്ച് തേജസ് മാനേജ്മെന്റ് യോഗം വിളിച്ചുകൂട്ടി ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായി പിരിച്ചുവിടാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്.

2006 ജനുവരി 26നായിരുന്നു തേജസ് ദിനപ്പത്രം കോഴിക്കോട് ആസ്ഥാനമായി അച്ചടി ആരംഭിച്ചത്. 1997ല്‍ മാസികയായിട്ടാണ് രൂപംകൊണ്ടത്. പിന്നീട് ദ്വൈവാരികയും ശേഷം ദിനപത്രവും തുടങ്ങുകയായിരുന്നു. ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചത്.

സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എഡിഷനുകളുള്ളത്.

Related Articles