Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ നടപ്പിലാക്കുന്നത് ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍: യു.എന്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന കടന്നുകയറ്റം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. രാജ്യം നിയന്ത്രണം വിട്ട് അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സൈനിക ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുക എന്നത് പരാജയമാണെന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന സന്ദേശം. ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സിവില്‍ യുദ്ധത്തിലേക്കും അഫ്ഗാനെ ലോകത്ത് നിന്നും ഒറ്റപ്പെടുത്താന്‍ മാത്രമേ സാധിക്കൂ. അഫ്ഗാന്‍ യുദ്ധമുന്നണിയിലുള്ള രാജ്യങ്ങളോട് നല്‍കാനുള്ള മുന്നറിയിപ്പ് ഇതാണെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ അതിന്റെ മുന്നേറ്റം നിര്‍ത്തിവയ്ക്കണം. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മനുഷ്യാവകാശത്തിന്മേല്‍ കടുത്ത നിയന്ത്രണങ്ങളാണ് അവര്‍ ഏര്‍പ്പെടുത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നു. സിവിലിയന്മാരെ സംരക്ഷിക്കാന്‍ യുദ്ധമുന്നണിയിലുള്ളവര്‍ രംഗത്തുവരണം-വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഗുട്ടറസ് പറഞ്ഞു.

യു എന്‍ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ ‘ഓരോ മണിക്കൂര്‍ അടിസ്ഥാനത്തിലും’ വിലയിരുത്തുകയും ചില ജീവനക്കാരെ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍, രാജ്യത്ത് നിന്ന് ആരെയും പിന്‍വലിച്ചിട്ടില്ലെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

കാണ്ഡഹാര്‍ അടക്കം രാജ്യത്തിന്റെ 12 പ്രവിശ്യകള്‍ പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നാണ് താലിബാന്‍ നേതൃത്വം അവകാശവാദമുന്നയിക്കുന്നത്. ഇനി തലസ്ഥാനമായ കാബൂള്‍ ആണ് ലക്ഷ്യം. പലയിടത്തും സര്‍ക്കാര്‍ സൈന്യവും താലിബാന്‍ സായുധ സംഘവും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

2001ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമാണ് രാജ്യത്ത് കര്‍ശനമായ ഇസ്ലാമിക നിയമം പുനസ്ഥാപിക്കുമെന്ന് പറഞ്ഞ് താലിബാന്‍ സായുധ സംഘം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യവും താലിബാന്‍ സായുധ സംഘവും തമ്മില്‍ പോരാട്ടം വീണ്ടും ശകതമായത്. തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ ആവര്‍ത്തിച്ചിരുന്നു.

Related Articles