Current Date

Search
Close this search box.
Search
Close this search box.

കോവിഡാനന്തര കാലത്തിനു വേണ്ടി യുവാക്കള്‍ തയ്യാറെടുക്കുക: ടി ആരിഫലി

ദോഹ: കോവിഡാനന്തര കാലത്തിനു വേണ്ടി ലോകത്തെ ഭരണകൂടങ്ങളും സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങളും തയ്യാറെടുക്കുകയാണെന്നും യുവജനങ്ങള്‍ ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്വയം നവീകരണത്തിന് സന്നദ്ധമാകണമെന്നും ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി ആരിഫലി പറഞ്ഞു. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി. ഐ. സി. ഐ. ഡി) യുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ ഫെയ്‌സ്ബുക് ലൈവിലൂടെ സംഘടിപ്പിച്ച എട്ടാമത് ദോഹ റമദാന്‍ മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യുവ സമൂഹം ധീരന്മാരുടേതാണ്. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ തളര്‍ന്നു പോകുന്നതിലല്ല മറിച്ച് പുതിയ കാലത്തിനു വേണ്ടി തയ്യാറെടുക്കുന്നതിലാണ് യുവാക്കളുടെ ധീരത കുടികൊള്ളുന്നത്. കോവിഡാനന്തര കാലത്ത് ഉയര്‍ത്തെഴുന്നേറ്റു നില്‍ക്കുവാന്‍
ആവശ്യമായ ഗൃഹപാഠം ചെയ്യുവാനുള്ള സമയമാണ് ഇതെന്നും പ്രതീക്ഷയോടെ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തെ മറികടക്കാന്‍ യുവസമൂഹത്തിനു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക അകലം എന്ന തങ്ങളുടെ പദപ്രയോഗം മനുഷ്യ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ലോകാരോഗ്യസംഘടന ശാരീരിക അകലം എന്ന പ്രയോഗത്തിലേക്ക് മാറിയത്. സാമൂഹിക അകലം എന്ന പദം ജനങ്ങളെ അവരവരിലേക്ക് ചുരുങ്ങുന്നതിലേക്ക് നയിച്ചു. മനുഷ്യര്‍ തമ്മില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. ഹൃദയങ്ങള്‍ തമ്മില്‍ അകന്നു. ജനങ്ങളിലേക്ക് ചെന്നെത്താവുന്ന എല്ലാ സംവിധാനങ്ങളോടും കൂടിയ ആധുനിക കാലഘട്ടത്തില്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് തികച്ചും അനായാസകരമായ സംഗതി ആണ്. എന്നിട്ടും സാമൂഹിക അകലം എന്ന ലോകാരോഗ്യ സംഘടനയുടെ പദപ്രയോഗം സമൂഹത്തില്‍ സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു .

ഈ അവസരത്തില്‍ ‘സാമൂഹിക അകലമല്ല, ശാരീരിക അകലമാണ്’ എന്ന യൂത്ത് ഫോറത്തിന്റെ പ്രമേയം വളരെ പ്രസക്തമാണ്. ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് യൂത്ത് ഫോറത്തിന്റെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു. ‘സാമൂഹിക അകലമല്ല ശാരീരിക അകലം’ എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഖത്തര്‍ ഫേസ്ബുക് പേജിലൂടെ ഓണ്‍ലൈനായി നടന്ന എട്ടാമത് ദോഹ റമദാന്‍ മീറ്റ് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ വേദി (ഡി. ഐ. സി. ഐ. ഡി) ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥി ആയിരുന്നു. കൊറോണ മനുഷ്യനെ കൂടുതല്‍ ഒന്നിപ്പിച്ചു എന്നും കൊറോണ കാലഘട്ടത്തിലെ മനുഷ്യന് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലായിരിക്കുന്നു എന്നും ഫാദര്‍ ഡേവിസ് ചിറമ്മല്‍ പറഞ്ഞു.
സി. ഐ. സി. ഖത്തര്‍ പ്രസിഡന്റ് കെ ടി അബ്ദുറഹ്മാന്‍ ആശംസ അര്‍പ്പിച്ചു. യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്. എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌റ് ഉസ്മാന്‍ പുലാപറ്റ സമാപനം നിര്‍വഹിച്ചു.

Related Articles