Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ സിറിയയുടെ ബോംബിങ്: നാല് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കന്‍ സിറിയയിലെ ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസം തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സൈനിക വ്യൂഹം ഇദ്‌ലിബിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസൈന്യം ഇവിടെ ബോംബിങ് നടത്തിയത്.

വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബശ്ശാര്‍ അസദിന്റെ സൈന്യം റഷ്യയുമായി ചേര്‍ന്ന് നടത്തുന്ന സൈനിക നടപടി ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തുര്‍ക്കി സൈനിക നടപടി കൈകൊള്ളുമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. വിമതര്‍ കൈയടക്കിയ അവസാന കേന്ദ്രമായ ഇദ്ലിബിനെ മോചിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് റഷ്യയുടെ നേതൃത്വത്തില്‍ ഇവിടെ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. യുദ്ധത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് പലായനം ചെയ്യുന്നത്. പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെടുന്നത്. വിമതരെ ലക്ഷ്യം വെച്ച് നടത്തുന്ന ബോംബിങ്ങില്‍ തകരുന്നത് സാധാരണ സിവിലിയന്മാരുടെ വീടും അവരുടെ ജീവനുമാണ്.

Related Articles