Current Date

Search
Close this search box.
Search
Close this search box.

താജ്മഹലിന്റെ ‘യഥാര്‍ത്ഥ ചരിത്രം’ തേടിയുള്ള ഹരജി സുപ്രീം കോടതി താക്കീതോടെ തള്ളി

ന്യൂഡല്‍ഹി: താജ്മഹലിന്റെ ‘യഥാര്‍ത്ഥ പഴക്കവും’ ‘യഥാര്‍ത്ഥ ചരിത്രവും’ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. തിങ്കളാഴ്ച പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുര്‍ജിത് യാദവ് എന്ന ഹരിയാന സ്വദേശിയാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്.

‘എല്ലാ കാര്യങ്ങളിലേക്കും കോടതികളെ വലിച്ചിഴക്കരുതെന്ന്’ ബെഞ്ച് ഹരജിക്കാരന് താക്കീത് നല്‍കുകയും ചെയ്തു. ‘400 വര്‍ഷങ്ങള്‍ക്ക് ശേഷം താജ്മഹലിന്റെ പഴക്കമോ അതിനു പിന്നിലെ ചരിത്ര വസ്തുതകളോ നമുക്ക് നിര്‍ണ്ണയിക്കാമോ?’ ‘ചരിത്രം വീണ്ടും തുറക്കാന്‍ ഞങ്ങള്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. ചരിത്രം തുടരട്ടെ.’യെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് യാദവിന് തന്റെ ഹര്‍ജി പിന്‍വലിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് മുമ്പാകെ ഹരജി നല്‍കാനും കോടതി അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഗവേഷണ പ്രകാരം താജ്മഹല്‍ പണിത സ്ഥലത്ത് ഒരു രാജമന്ദിരം നിലവിലുണ്ടെന്നാണ് യാദവ് തന്റെ ഹര്‍ജിയില്‍ വാദിച്ചിരുന്നത്.

‘ഷാജഹാന്റെ എല്ലാ ചരിത്രകാരന്മാരും ഈ മഹത്തായ സ്മാരക കുടീരത്തിന്റെ വാസ്തുശില്പിയുടെ പേര് പരാമര്‍ശിക്കാത്തത് വളരെ വിചിത്രമാണ്,” അദ്ദേഹം തന്റെ അപേക്ഷയില്‍ എഴുതി. അതിനാല്‍, രാജാ മാന്‍ സിങ്ങിന്റെ കൊട്ടാരം പൊളിക്കപ്പെട്ടതല്ല, താജ്മഹലിന്റെ ഇപ്പോഴത്തെ രൂപം സൃഷ്ടിക്കുന്നതിനായി പരിഷ്‌ക്കരിച്ച് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഷാജഹാന്റെ കൊട്ടാര ചരിത്രകാരന്മാരുടെ വിവരണങ്ങളില്‍ വാസ്തുശില്പിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതെന്നുമാണ് യാദവ് ഹരജിയില്‍ വാദിച്ചത്.

Related Articles