Current Date

Search
Close this search box.
Search
Close this search box.

പട്ടാള ഭരണം സിവിലന്‍ സര്‍ക്കാരിന് കൈമാറണം; സമരമണയാതെ സുഡാന്‍

കാര്‍തൂം: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിനു ശേഷം അധികാരമേറ്റെടുത്ത സൈന്യം അധികാരം സിവിലിയന്‍ സര്‍ക്കാരിനു കൈമാറണമെന്നാവശ്യപ്പെട്ട് സുഡാനില്‍ ജനകീയ പ്രതിഷേധം ഇപ്പോഴും തുടരുന്നു.

സൈനികേതര സര്‍ക്കാര്‍ നിലവില്‍ വരണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയായ കാര്‍തൂമില്‍ സൈനിക ആസ്ഥാനത്തിന് പുറത്ത് വലിയ ജനക്കൂട്ടമാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.

സുഡാനീസ് പ്രൊഫഷണല്‍ അസോസിയേഷന്‍ (എസ്.പി.എ) ആണ് സമരം ഏറ്റെടുത്ത് നടത്തുന്നത്. നിങ്ങളുടെ വിപ്ലവം സംരക്ഷിക്കുക എന്ന പേരില്‍ അവര്‍ സോഷ്യല്‍ മീഡിയകളിലൂടെ സമരത്തിന് ആഹ്വാനം ചെയ്യുകയാണ്. സൈനിക മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ വച്ച് നടക്കുന്ന സമരം തിങ്കളാഴ്ച പത്താം ദിവസത്തിലേക്ക് കടന്നു.

അതേസമയം, ഉമര്‍ അല്‍ ബാശിര്‍ വീട്ടുതടങ്കലിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുഡാന്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെ(ആര്‍.എസ്.പി) ഉദ്ധരിച്ച് അനദോലു ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ‘അല്‍ ബാശിര്‍ രാജ്യം വിട്ടു പോയിട്ടില്ല’ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ദാഖ്‌ലോ ടെലിവിഷനിലൂടെ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നീണ്ട 30 വര്‍ഷങ്ങള്‍ അധികാരത്തിലിരുന്ന ബാശിറിനെ പുറത്താക്കി സൈന്യം അധികാരമേറ്റെടുത്തത്. മാസങ്ങള്‍ നീണ്ട ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്.

Related Articles