Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയെ പൂര്‍ണമായി മോചിപ്പിക്കും വരെ പോരാടും: ഹമാസ്

ജറൂസലേം: ജറൂസലേമിലെ പവിത്രമായ മസ്ജിദുല്‍ അഖ്‌സയെ പൂര്‍ണമായി മോചിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. വിശുദ്ധ റമദാനിലും വിശ്വാസികള്‍ക്ക് അഖ്‌സയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ സൈന്യം തടയുകയാണെന്നും ഇസ്രായേല്‍ അധിനിവേശത്തിന്റെ കൈയില്‍ നിന്നും പള്ളിയെ പൂര്‍ണമായും മോചിപ്പിക്കും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു.

പ്രസ് ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ സൈന്യം അഖ്‌സയിലേക്ക് അതിക്രമിച്ചു കടന്ന് വിശ്വാസികളെ പീഡിപ്പിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ പേരു പറഞ്ഞ് വിശ്വാസികളുടെ അഖ്‌സ പ്രവേശനം തടയുകയാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യം ചെയ്യുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ അഖ്‌സയിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നാണ് ഇസ്രായേല്‍ നിലപാട്. ഇതുമൂലം വിശുദ്ധ റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച നൂറുകണക്കിന് വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായിരുന്നില്ല.

സൈന്യം പ്രാര്‍ത്ഥന ഹാളിലേക്ക് അതിക്രമിച്ചു കയറുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആരാധനയ്ക്കെത്തുന്ന വിശ്വാസികളെ മസ്ജിദിന് സമീപം ബാരിക്കേഡുകള്‍ വെച്ച് തടയുക, ബാങ്ക് വിളി തടയുന്നതിന് ഉച്ചഭാഷിണിയിലേക്കുള്ള വയറുകള്‍ വിഛേദിക്കുക തുടങ്ങിയ ക്രൂരതകളും സൈന്യം ചെയ്യുന്നുണ്ട്. അഖ്‌സയുടെ പൂര്‍ണ വിമോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles