Current Date

Search
Close this search box.
Search
Close this search box.

അഫ്രസുല്‍ ഖാന്റെ വീടിന് തറക്കല്ലിട്ടു

മാള്‍ഡ: രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗാളിലെ മാള്‍ഡാ സ്വദേശി അഫ്രസുല്‍ ഖാന് സോളിഡാരിറ്റി നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം അഫ്രസുല്‍ ഖാന്റെ ഭാര്യ ഗുല്‍ബഹര്‍ നിര്‍വഹിച്ചു. അഫ്രസുല്‍ കൊല്ലപ്പെട്ടയുടനെ കഴിഞ്ഞ വര്‍ഷം മാള്‍ഡയലെ വീട് സന്ദര്‍ശിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹും ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും വീട് നിര്‍മാണത്തിന് ആവശ്യമായ തുകയുടെ ചെക്ക് കൈമാറിയിരുന്നു. അന്ന് കുടുംബവുമായി ചര്‍ച്ച ചെയ്തതിന്റെ ഭാഗമായി നിലവിലെ കുടുംബ വീടിന്റെ മുകളിലേക്ക് അഫ്രസുലിന്റെ കുടുംബത്തിന് വീടൊരുക്കാമെന്നായിരുന്നു തീരുമാനം.

എന്നാല്‍ പിന്നീട് അത് സാധ്യമല്ലെന്ന് സോളിഡാരിറ്റിയുടെ അവിടെയുള്ള പ്രതിനിധികള്‍ അറിയിച്ചു.
തുടര്‍ന്ന് കുടുംബ വീടിന് അടുത്തുതന്നെ കുറച്ച് സ്ഥലം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. തുടര്‍ച്ചയായി ശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ച് സെന്റോളം സ്ഥലം കണ്ടെത്തി.

സോളിഡാരിറ്റി അത് വാങ്ങുകയും അഫ്രസുലിന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിയമപരമായ അനുമതികളെല്ലാം ലഭിച്ച് കഴിഞ്ഞ ആഴ്ചയാണ് വീടിന്റെ പണി ആരംഭിച്ചത്. അഫ്രസുലിന്റെ കുടുംബത്തിന് മാത്രമായി സ്ഥലവും വീടുമെന്ന സ്വപ്‌നമാണ് ഇപ്പോള്‍ പൂവണിയുന്നത്. സോളിഡാരിറ്റിയുടെ മാള്‍ഡയിലെ പ്രതിനിധികളും അഫ്രസുലിന്റെ കുടുംബവും തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles