Current Date

Search
Close this search box.
Search
Close this search box.

‘ഭരണഘടനയില്‍ നിന്നും ‘സോഷ്യലിസം, മതേതരത്വം’ നീക്കം ചെയ്തത് ഗൗരവതരം’

ഡല്‍ഹി: കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് സഭാംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം, മതേതരത്വം’ എന്നീ വാക്കുകള്‍ നീക്കം ചെയ്തത് ഗൗരവതരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

‘പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് എം.പിമാര്‍ക്കിടയില്‍ വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പിലെ ആമുഖത്തില്‍ നിന്ന്, ‘സോഷ്യലിസം, മതേതരത്വം’ എന്നീ വാക്കുകള്‍ നീക്കം ചെയ്തന്നെ് ബുധനാഴ്ച ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ഞാന്‍ ഇത് വായിച്ചപ്പോള്‍ ഈ രണ്ട് വാക്കുകള്‍ കാണാന്‍ കഴിഞ്ഞില്ല, ഞാന്‍ അത് സ്വന്തം നിലയ്ക്ക് എഴുതിചേര്‍ത്തു…അത് രാഹുല്‍ ഗാന്ധിക്കും കാണിച്ചുകൊടുത്തു. നമ്മുടെ ഭരണഘടന 1976ല്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ, ഇന്ന് നമുക്ക് അത് ലഭിക്കാന്‍ പാടില്ല. എന്തിനാണ് നമ്മള്‍ ഭേദഗതികള്‍ ചെയ്യുന്നത്? നമ്മുടെ ഭരണഘടന മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത് കാണിക്കുന്നത്’-ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാക്കുകള്‍ കാണാതെ പോയത് ആശങ്കാജനകമാണെന്നും ഇത് ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും ചൗധരി പറഞ്ഞു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഞാന്‍ ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് ഉന്നയിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1950ല്‍ അംഗീകരിച്ച ഭരണഘടനയുടെ പകര്‍പ്പുകള്‍ എം.പിമാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ‘ഭരണഘടന രൂപീകരിക്കുമ്പോള്‍, അത് ഇങ്ങനെയായിരുന്നു … പിന്നീട് ഒരു ഭേദഗതി വരുത്തി … ഞങ്ങളുടെ വക്താവ് ഈ വിഷയത്തില്‍ ഇതിനകം പ്രതികരിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ആമുഖത്തിലെ ഈ രണ്ട് വാക്കുകള്‍ 1950-ല്‍ അംഗീകരിച്ച ഭരണഘടനയുടെ ഭാഗമല്ലായിരുന്നു, 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇവ എഴുതി ചേര്‍ത്തിരുന്നു.

Related Articles