Current Date

Search
Close this search box.
Search
Close this search box.

വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം: പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത

കോഴിക്കോട്: വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത. വഖ്ഫ് െ്രെടബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് റൂള്‍സിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടാവാത്തത് തുടങ്ങി തെറ്റായ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമസ്ത നേതൃത്വം നല്‍കുമെന്ന് അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വഖ്ഫ് ട്രൈബ്യൂണലില്‍ പുതുതായി രണ്ടു ജഡ്ജിമാരെ നിയമിക്കുമ്പോള്‍ അത് നിഷ്പക്ഷരായവരായിക്കുമെന്ന് മുഖ്യമന്ത്രി സമസ്തക്ക് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇതിനു വിരുദ്ധമായാണിപ്പോള്‍ നിയമനം ഉണ്ടാകാന്‍ പോകുന്നത്. ഇവര്‍ നിഷ്പക്ഷരല്ലെന്നു മാത്രമല്ല, സമസ്തയുടെ എതിര്‍കക്ഷികളായി രംഗത്തുവന്നവരുമാണ്. തങ്ങളുടെ പക്ഷക്കാരാവണം ജഡ്ജിമാര്‍ എന്നു സമസ്ത ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഞങ്ങളെ പരസ്യമായി എതിര്‍ക്കുന്നവര്‍ ആകുന്നത് ഭയപ്പെടുത്തുന്നുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ മാറ്റുംവരെ സമസ്ത ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ, സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യമന്ത്രിയെ കണ്ട് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമരത്തിന്റെ ആദ്യ പടിയായി 19ന് കോഴിക്കോട്ട് മദ്‌റസ അധ്യാപകരെ സംഘടിപ്പിച്ച് പ്രതിഷേധ ധര്‍ണ നടത്തും.

ശരീഅത്ത് നിയമത്തില്‍ മുസ്‌ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന റൂള്‍സില്‍ നിര്‍ബന്ധമായും മാറ്റം വരുത്തണം. ശരീഅത്ത് നിയമത്തില്‍ മത സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനങ്ങളെടുക്കാന്‍ പാടുള്ളൂ. അതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മാറ്റം വരുത്തുംവരെ ശക്തമായ സമര പരിപാടികളുമായി സമസ്ത മുന്നോട്ടുപോകും.

സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തില്‍ സി.ബി.ഐ രണ്ടു തവണ റിപ്പോര്‍ട്ട് നല്‍കി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹം ആത്മഹത്യ ചെയ്യില്ല. അതൊരു കൊലപാതകമാണ്. ആ കൊലയാളികളെ കണ്ടെത്തുംവരെ സമസ്ത പ്രക്ഷോഭം തുടരും. ഫെബ്രുവരി ആദ്യത്തില്‍ കോഴിക്കോട്ട് പ്രക്ഷോഭ സമരത്തിന്റെ അടുത്തഘട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles