Current Date

Search
Close this search box.
Search
Close this search box.

മാസ്‌ക് നിര്‍മാണവുമായി എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററിലും വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലുമാണ് നിര്‍മാണം ആരംഭിച്ചത്.

കോഴിക്കോട് ഇസ്ലാമിക് സെന്ററിലെ യൂണിറ്റില്‍ 12 തയ്യല്‍ മെഷിനുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. മറ്റു ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളിലുമായി നിര്‍മാണം പുരോഗമിക്കുകയാണ്. അതത് കേന്ദ്രങ്ങളില്‍ വിഖായയുടെ സന്നദ്ധസേവകരാണ് മാസ്‌ക് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ 25,000 മാസ്‌കുകളാണ് നിര്‍മിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്യും. കൂടാതെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന വിഖായ വളണ്ടിയര്‍മാര്‍ക്കും മാസ്‌കുകള്‍ എത്തിക്കും. മാസ്‌കിന്റെ ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വിഖായയുടെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനവും ഒരുക്കും.

മാസ്‌ക് നിര്‍മാണത്തിന് പുറമെ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണം, വീടുകള്‍ തോറും ഭക്ഷണക്കിറ്റ് വിതരണവും പ്രാദേശിക തലങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഐസൊലേഷന്‍ വാര്‍ഡിലും വയനാട് ജില്ലയിലെ സംസ്ഥാന അതിര്‍ത്തിയിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വിഖായ വളണ്ടിയര്‍മാര്‍ സേവനം ചെയ്തുവരുന്നുണ്ട്.

Related Articles