Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പന്‍ ജയില്‍മോചിതനായി; രണ്ട് വര്‍ഷത്തിന് ശേഷം

ലഖ്‌നൗ: രണ്ടു വര്‍ഷവും മൂന്ന് മാസവും നീണ്ട ജയില്‍ വാസത്തിന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായി. യു.എ.പി.എ, ഇ.ഡി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ലഖ്‌നൗവിലെ ജയിലില്‍ നിന്നും കാപ്പന്‍ പുറത്തിറങ്ങിയത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്.

യു.എ.പി.എ കേസില്‍ സെപ്തംബര്‍ 9ന് നേരത്തെ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ ഡിസംബര്‍ 23നാണ് അലഹാബാദ് ഹൈക്കോടതി ഈ കേസില്‍ ജാമ്യം നല്‍കിയത്. എന്നാല്‍ ജയില്‍വാസം വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു.

യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച് ആറ് മാസത്തിനടുത്താകുമ്പോഴാണ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് ആവശ്യമായ രണ്ട് ജാമ്യക്കാരെ ലഖ്‌നൗ കോടതി പരിശോധിച്ചു നടപടികള്‍ പൂര്‍ത്തിയാക്കാനും താമസമെടുത്തു.

ഇതിനുമുമ്പ് രോഗബാധിതയായ മാതാവിനെ കാണാന്‍ 2021 ഫെബ്രുവരിയില്‍ ഒരു തവണ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നത്. നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു.

ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്റസിലേക്ക് പോവുന്നതിനിടെയാണ് തേജസ് ഡല്‍ഹി യൂണിറ്റിന്റെ മാധ്യപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്.

Related Articles