Current Date

Search
Close this search box.
Search
Close this search box.

പ്രക്ഷോഭമൊഴിയാതെ ഇറാഖ്: സുരക്ഷാ സേനയുടെ ആക്രമണത്തില്‍ നിരവധി മരണം

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇറാഖില്‍ ജനങ്ങള്‍ ഇപ്പോഴും തെരുവില്‍ തന്നെ. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സുരക്ഷാ സേനയും ശക്തമായി രംഗത്തുണ്ട്. വ്യാഴാഴ്ച പൊലിസ് നടത്തിയ വെടിവെപ്പില്‍ നാലു പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കോരുടെ പ്രധാന ക്യാംപായ ബാഗ്ദാദിലാണ് ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുന്നത്.

സുരക്ഷസേന റബ്ബര്‍ ബുള്ളറ്റും തോക്കും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് സമരം അടിച്ചമര്‍ത്തുന്നത്. മിലിട്ടറി ഗ്രേഡ് കാനിസ്റ്ററുകള്‍ മൂലം 16 പേരാണ് ഇറാഖില്‍ മരിച്ചതെന്ന് യു.എന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യത്തില്‍ ആരംഭിച്ച് ഒരു മാസം പിന്നിട്ട സമരത്തില്‍ ഇതിനോടകം 300ലധികം പേരാണ് കൊല്ലപ്പെട്ടത്.

തലസ്ഥാന നഗരിയായ ബാഗ്ദാദിലും ഷിയ ഭൂരിപക്ഷ മേഖലകളായ തെക്കന്‍ പ്രവിശ്യകളിലുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആഭ്യന്തര പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല.സര്‍ക്കാര്‍ രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് പ്രക്ഷോഭകര്‍ അറിയിച്ചത്.

Related Articles