Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളില്‍ ബാങ്ക് വിളി കേള്‍പ്പിച്ചെന്നാരോപിച്ച് അധ്യാപകനെ സസ്‌പെന്റ് ചെയ്തു

മുംബൈ: സ്‌കൂള്‍ കോംപൗണ്ടില്‍ ബാങ്ക് (അസാന്‍) വിളി സ്പീക്കറില്‍ കേള്‍പ്പിച്ചെന്നാരോപിച്ച് അധ്യാപകനെ സസ്‌പെന്റ് ചെയ്തു. സ്‌കൂളില്‍ നടന്ന രാവിലത്തെ അസംബ്ലിയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ബാങ്ക് വിളി കേള്‍പ്പിച്ചു എന്നാരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്‌കൂളിന് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.

കണ്ഡിവാലി നഗരത്തിലെ കാപോല്‍ വിദ്യാനിധി അന്താരാഷ്ട്ര സ്‌കൂളിലാണ് സംഭവം. വിവിധ മതസ്ഥരുടെ പ്രാര്‍ത്ഥനകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകന്‍ ബാങ്ക് വിളി കേള്‍പ്പിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രശ്മി ഹെഗ്ഡെ പറഞ്ഞത്. ‘ഇത് ഞങ്ങളുടെ ഉദ്ദേശ്യത്തെ തെറ്റായി ചിത്രീകരിക്കലാണെന്നും’ അവര്‍ പറഞ്ഞു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് കുമാര്‍ ബന്‍സാല്‍ പറഞ്ഞു. ബി.ജെ.പി എംഎല്‍എ യോഗേഷ് സാഗറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം. ശിവസേനയുടെ പ്രാദേശിക നേതാവ് സഞ്ജയ് സാവന്താണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു അധ്യാപകന്‍ വെള്ളിയാഴ്ച രാവിലെ അസംബ്ലി സമയത്ത് ഫോണില്‍ നിന്ന് ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളി കേള്‍പ്പിക്കാന്‍ തീരുമാനിച്ചത് കേവലം ഒരു പിഴവല്ല’ സാഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റും അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ രക്ഷിതാക്കളോട് പറഞ്ഞു. ‘ഇതൊരു ഹിന്ദു സ്‌കൂളാണ്, ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉള്‍പ്പെടുന്നു, ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.’ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബാങ്ക് വിളി കേള്‍ക്കുന്നു എന്നു പറഞ്ഞ് ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ അധ്യാപകന്‍ ബാങ്ക് വിളിക്കുന്നതൊന്നും ഇല്ല. വീഡിയോയുടെ പശ്ചാതലത്തില്‍ മാത്രമാണ് ഇതുള്ളത്. ഇത് കൃത്രിമമായി നിര്‍മിച്ചതാണോ എന്നും വ്യക്തമല്ല.

 

വീഡിയോ;

https://twitter.com/i/status/1669646016663146497

 

https://twitter.com/i/status/1669646016663146497

Related Articles