Current Date

Search
Close this search box.
Search
Close this search box.

നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ: ടൈംസ് നൗ അവതാരിക നവിക കുമാറിന്റെ കേസുകള്‍ ഒരുമിച്ചാക്കും

ന്യൂഡല്‍ഹി: ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയ കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ അവതാരിക നവിക കുമാറിനെതിരായ എല്ലാ കേസുകളും ഒരുമിച്ചാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. കേസ് ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.

മേയ് 26ന് നടന്ന ടൈംസ് നൗ ചാനല്‍ ചര്‍ച്ചയിലാണ് ശര്‍മ വിവാദ പ്രസ്താവന നടത്തിയിരുന്നത്. അന്ന് ചര്‍ച്ച നിയന്ത്രിച്ചിരുന്നത് നവികയായിരുന്നു. തൊട്ടടുത്ത ദിവസം ശര്‍മയുടെ പ്രസ്താവനകളില്‍ നിന്നും ചാനല്‍ പിന്‍മാറിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയതിന് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നുകില്‍ തനിക്കെതിരായ എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ അവ ഒരുമിച്ച് ചേര്‍ത്ത് ഒരു സംസ്ഥാനത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് അവതാരിക ആഗസ്റ്റിലാണ് സുപ്രീം കോടതിയെ സമീപിച്ചിക്കുന്നത്.

വെള്ളിയാഴ്ച, ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് അവതാരകയ്ക്കെതിരെ ഇനി ഫയല്‍ ചെയ്യുന്ന ഏതൊരു എഫ്ഐആറിനും കോടതിയുടെ നിര്‍ദ്ദേശം ബാധകമാകുമെന്ന് അറിയിച്ചത്. ബാര്‍ ആന്റ് ബെഞ്ച് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എട്ടാഴ്ചത്തേക്ക് കുമാറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Related Articles