Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്: യു.കെയുടെ ക്വാട്ട വെട്ടിക്കുറച്ച് സൗദി, ഹജ്ജിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഗണ്യമായ രീതിയില്‍ വെട്ടിക്കുറച്ചതിനാല്‍ ബ്രിട്ടീഷ് മുസ്ലിംകള്‍ക്ക് ഹജ്ജിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ പുതിയ വ്യവസ്ഥപ്രകാരം യു.കെക്ക് വെറും 3,600 പേര്‍ക്ക് മാത്രമാണ് ഹജ്ജ് കര്‍മത്തിനായി അനുവദിച്ച ക്വാട്ട. കോവിഡിന്റെ മുന്‍പ് ഇത് 25,000 ആയിരുന്നു. ഇതാണ് വലിയ അളവില്‍ വെട്ടിക്കുറച്ചത്. അതിനാല്‍ യു.കെയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പരാതി. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഹജ്ജിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ക്വാട്ടയുടെ അന്തിമരൂപം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ തന്നെ ഹജ്ജ് പാക്കേജുകള്‍ ബുക്ക് ചെയ്യുകയും പണം നല്‍കുകയും ചെയ്ത ചിലര്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അവര്‍ യാത്ര പോകാനാകുമോ എന്നതിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും പരാതിപ്പെടുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ച സ്ഥലങ്ങള്‍ സൗദി ഗണ്യമായ അളവില്‍ കുറച്ചതാണ് പ്രശ്‌നത്തിന് കാരണം.

മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കോവിഡിന് മുന്‍പുണ്ടായിരുന്ന പൂര്‍ണ ശേഷിയിലാക്കിയിട്ടുണ്ടെന്ന പ്രത്യേകതയും ഇത്തവണത്തെ ഹജ്ജിനുണ്ട്.

വിഷയത്തില്‍ പരിഹാരം കാണാന്‍ യു.കെ പാര്‍ലമെന്റ് അംഗങ്ങള്‍ അടുത്തയാഴ്ച ലണ്ടനിലെ സൗദി അംബാസഡറെ കാണാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യു.കെയുടെ ക്വാട്ട കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ് യു.കെ ആവശ്യപ്പെടുന്നത്. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹജ്ജ്, ഉംറ സംബന്ധിച്ച സര്‍വകക്ഷി പാര്‍ലമെന്ററി ഗ്രൂപ്പ് (എപിപിജി) അംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

ലേബര്‍ പാര്‍ട്ടി എംപി യാസ്മിന്‍ ഖുറേഷി അധ്യക്ഷയായ പാര്‍ലമെന്ററി ഗ്രൂപ്പിലെ അംഗങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി അറേബ്യയിലെത്തി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Articles