Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനനുവദിക്കില്ല: ലക്ഷദ്വീപ് കളക്ടീവ്

കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ മേല്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ ദ്വീപ് ജനതക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമായി ലക്ഷദ്വീപ് കലക്ടീവ്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത മേഖലയിലെ പ്രമുഖരും ലക്ഷദ്വീപ് കലക്ടീവിന്റെ ഭാഗമായി. തീര്‍ത്തും അയുക്തികരമായ അന്യായവുമായ നടപടികളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ നടത്തുന്നതെന്ന് ഉദ്ഘാടനം ചെയ്ത എ. എം ആരിഫ് എം പി പറഞ്ഞു.

ഗുജറാത്തിലും നാഗര്‍ ഹാവേലിയിലും നടപ്പിലാക്കിയതിന്റെ തുടര്‍ച്ച തന്നെയാണ് ലക്ഷദ്വീപിലും അദ്ദേഹം ലക്ഷ്യമിടുന്നത്. ടൂറിസം വികസനത്തിന് വേണ്ടി ലോകത്തെല്ലാം മാംസാഹാരം ലഭ്യമാക്കുമ്പോള്‍ വെജിറ്റേറിയന്‍ ടൂറിസമാണ് ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് ജനനനിരക്ക് കുറഞ്ഞ ലക്ഷദ്വീപില്‍ മക്കളുടെ എണ്ണത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. കുറ്റവാളികളേയില്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതും ലക്ഷദ്വീപിനെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്നും ഇത് ഫാഷിസത്തിന്റെ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. തുഗ്ലക്കിയന്‍ പരിഷ്‌കാരമാണ് ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നതെന്നും ഇത് ഒരു നിലക്കും അനുവദിക്കാനാവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിനെതിരെ പൊരുതാന്‍ തയാറാവണമെന്നുള്ള ആഹ്വാനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെ ജനതയോട് ഏത്ര ക്രൂരമായാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണ് ലക്ഷദ്വീപ് അനുഭവങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅ്തസിം ഖാന്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയ്ക്ക് ഇന്ത്യന്‍ ജനതയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലും സംസ്‌കാരത്തിലും സൈ്വര്യജീവിതത്തിലും ഇടപ്പെട്ട് ലക്ഷദ്വീപ് ജനതയെ വംശീയമായി തകര്‍ക്കുകയാണ് ഭരണകൂടമെന്ന് എഴുത്തുകാരന്‍ മധുപാല്‍ പറഞ്ഞു.

എല്ലാ സന്നിഗ്ദദകള്‍ക്കിടയിലും ഫാഷിസത്തിനെതിരെ മര്‍ദിതരുടെ പക്ഷത്ത് നിന്ന്, രാജ്യത്തിന്റെ നന്മക്കായി നമുക്കൊന്നിച്ചു നില്‍ക്കാന്‍ സാധിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍അസീസ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ ജനതക്ക് നല്‍കിയ പരിഗണനകള്‍ ലക്ഷദ്വീപ് ജനതയ്ക്കും വകവെച്ചു നല്‍കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ലക്ഷദ്വീപ് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജനാധിപത്യപരമായ മുഴുവന്‍ പ്രതിരോധങ്ങളും തീര്‍ക്കേണ്ട സമയമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനതകളെയും അവരുടെ ഭൂമിയെയും ആഭ്യന്തര കോളനിവല്‍ക്കരണത്തിന് വിധേയമാക്കുന്നതാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ രീതിയെന്നും ലക്ഷദ്വീപിനെ ഒരു നാവിക കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ഇപ്പോള്‍ അവിടെ നടക്കുന്ന പരിഷ്‌കാരങ്ങളെന്നും കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍ പറഞ്ഞു.

ടി എന്‍.പ്രതാപന്‍ എം.പി, പി.വി.അബ്ദുല്‍ വഹാബ് എം.പി, പന്ന്യന്‍ രവീന്ദ്രന്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കല്‍പറ്റ നാരായണന്‍, കെ ഇ.എന്‍, ശംസുദ്ദീന്‍ മന്നാനി, കെ.എ. ഷഫീഖ്, ശംസുദ്ദീന്‍ ഖാസിമി, കെ. താജുദ്ദീന്‍ സ്വലാഹി, രേഖാരാജ്, കെ .പി.ശശി, കെ. അജിത, ഡോ. അജയ് ശേഖര്‍, പി മുജീബ്റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്ന സംഗമത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സമദ് കുന്നക്കാവ് സ്വാഗതവും ഷക്കീല്‍ അഹ്മദ് നന്ദിയും പറഞ്ഞു.

Related Articles