Current Date

Search
Close this search box.
Search
Close this search box.

അറിവനുഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി ‘ദി ഹെറിറ്റേജ്’ എക്സ്പോ

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പതിനായിരം മദ്റസകള്‍ക്ക് അംഗീകാരം നല്‍കിയതിന്റെ ഭാഗമായി കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ‘ദ ഹെറിറ്റേജ്’ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെയാണ് പ്രദര്‍ശനം.

സാധാരണ പ്രദര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുന്നും നടന്നും കണ്ടും കേട്ടും അനുഭവിക്കാനുള്ള 15 പവലിയനുകളിലാണ് പ്രദര്‍ശനം ഒരുങ്ങുന്നത്. പ്രവേശന കവാടം ഹിറാഗുഹയുടെ പശ്ചാതലത്തിലാണ് തയ്യാറാക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാള്‍വഴികള്‍, നമ്മുടെ കാലത്തെ വിദ്യാര്‍ത്ഥി എന്നീ ആശയങ്ങള്‍ പാസ്സേജ് പവലിയനുകളില്‍ വെളിച്ചം ക്രമീകരിച്ചു അവതരിപ്പിക്കും. ‘പള്ളി ദര്‍സുകള്‍ വഴി വിളക്കുകള്‍’, ‘പഠനം എങ്ങനെ നടക്കുന്നു’ എന്നീ ആശയങ്ങളില്‍ രണ്ട് ഓഡിയോ വിഷ്വല്‍ പവലിയനുകള്‍ മികച്ച സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കും.

വരും കാലത്തെ മദ്റസ പഠനരീതിയെ നാല് ഔട്ട്ഡോര്‍ പവലിയനുകളില്‍ ഒന്നാം ക്ലാസ്-ഒന്നാം തരം, പ്രാക്ടിക്കല്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം മാതൃക എന്നിവ ശ്രദ്ധേയമാകും. ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ഖുര്‍ആന്‍ പഠനത്തെ അവതരിപ്പിക്കുന്ന ‘തര്‍ത്തീല്‍’ ഖുര്‍ആന്‍ പഠന ലാബ് പ്രദര്‍ശന വേദിയിലെ ഏറ്റവും മികച്ച ഒരു ഭാഗമായിരിക്കും.

‘സമസ്ത വികാസത്തിന്റെ വിതാനങ്ങള്‍’ എന്ന ആറ് ഔട്ട് ഡോര്‍ പവലിയനുകളില്‍ അല്‍ബിര്‍റ്, അസ്മി, സമന്വയ വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, ഉത്തരേന്ത്യയിലെ മദ്റസ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ അവതരിപ്പിക്കും. സമസ്തയുടെ വളര്‍ച്ചയും നവോത്ഥാന രീതികളും ക്രിയാത്മകമായി പ്രതിപാദിക്കുന്ന പ്ലാനറ്റോറിയം ഷോ 12-ാമത്തെ പവലിയനായിട്ടാണ് ഒരുക്കുന്നത്. 14ാം പവനിയനിലെ തീം എക്സ്പോക്ക് പുറമെ മതേതര ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിചയപ്പെടുത്തുന്ന ആസാദി പവലിയനും ഒരുങ്ങും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം സമര്‍പ്പണത്തിന്റെ വിലപ്പെട്ട ഏടുകള്‍, നേതക്കാളുടെ പ്രഭാഷണങ്ങള്‍, ജാലിയന്‍ വാലാബാഗ് ദൃശ്യാവിശ്കാരം എന്നിവ ആസാദി പവലിയനുകളെ ശ്രദ്ധേയമാക്കും. പൊതുജനങ്ങള്‍, സംഘടന പ്രവര്‍ത്തകര്‍, മദ്റസ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് സമസ്തയുടെ ചരിത്രവും വര്‍ത്തമാനവും അനാവൃതമാക്കുന്ന ഈ പ്രദര്‍ശനം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ മുഖേനയാണ് രജിസ്ട്രേഷന്‍. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ എട്ട് സ്ലാബുകളിലായി പ്രവേശനം പാസ് മുഖേനെ നിയന്ത്രിക്കും. ഓരോ ബാച്ചിലും ഒരേ സമയം 600 പേര്‍ക്ക് പ്രവേശനം നല്‍കും.

Related Articles