Current Date

Search
Close this search box.
Search
Close this search box.

പ്രളയക്കെടുതി: സമസ്ത ഫണ്ട് വിതരണം ഫെബ്രുവരി 9,10 തിയ്യതികളില്‍

ചേളാരി: 2018 ആഗസ്റ്റില്‍ കേരളത്തെ നടുക്കിയ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഇരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുന:സ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിതരണം ഫെബ്രുവരി 9,10 തിയ്യതികളില്‍ വിവിധ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.

ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഡിസംബര്‍ 16ന് കോഴിക്കോട് വെച്ച് നടന്നിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് അന്നെ ദിവസം കോഴിക്കോട് വെച്ച് വിതരണം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട വിതരണം വിവിധ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ച് ഇപ്പോള്‍ നടക്കുന്നത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

വിവിധ ജില്ലകളില്‍ സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു. പതിനായിരം രൂപയില്‍ താഴെയുള്ളവര്‍ക്ക് നേരിട്ടും അതിനുമുകളിലുള്ളത് എക്കൗണ്ട് മുഖേനെയുമാണ് നല്‍കുന്നത്.
റെയ്ഞ്ച് തലത്തില്‍ നടക്കുന്ന വിതരണ ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളും മറ്റു പ്രമുഖരും സംബന്ധിക്കും. വിവിധ കാരണങ്ങളാല്‍ 9, 10 തിയ്യതികളില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്ത റെയ്ഞ്ചുകളില്‍ മറ്റുദിവസങ്ങളില്‍ വിതരണം ചെയ്യും. ഓരോ റെയ്ഞ്ചിലേക്കും മുഫത്തിശുമാരെ വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വെച്ച് ബന്ധപ്പെട്ടവര്‍ സഹായം കൈപറ്റണമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.

Related Articles