Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം സ്ത്രീകളെ അപമാനിച്ച സമസ്ത പ്രസിഡന്റ് മാപ്പ് പറയണം: എം.ജി.എം

കോഴിക്കോട്: പള്ളിയില്‍ നമസ്‌കാരത്തിന് പോകുന്ന മുസ്ലിം സ്ത്രീകളെ അപമാനിച്ച സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുജാഹിദ് വനിത വിഭാഗമായ എം.ജി.എം ആവശ്യപ്പെട്ടു.

വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കായി പോകുന്ന മുസ്ലിം സ്ത്രീകളെ വളരെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച സമസ്ത പ്രസിഡന്റ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ അഴുകി ദുര്‍ഗന്ധം വമിച്ച് മറ്റുള്ളവര്‍ മൂക്ക് പൊത്തുന്ന തരത്തിലാണ് പള്ളിയില്‍ പോകുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിശുദ്ധ ഖുര്‍ആനിനും പ്രവാചകചര്യക്കും നേരെയുള്ള വെല്ലുവിളിയാണെന്നും എം.ജി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

പ്രവാചക ഭാര്യമാരടക്കമുള്ള സ്വഹാബാ വനിതകള്‍ പള്ളികളില്‍ പ്രവാചകന്റെ കൂടെ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനും ജുമുഅകളില്‍ റമദാനിലെ ഇഅ്തികാഫുകളിലും പങ്കെടുത്തതിനും ഒട്ടേറെ തെളിവുകളുണ്ടെന്നിരിക്കെ പള്ളിയില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചത് കടുത്ത അപരാധമാണ്. സ്വഹാബി വനിതകള്‍ യുദ്ധങ്ങളില്‍ പോലും സഹായികളായി പങ്കെടുത്തിട്ടുണ്ടെന്നും മുസ്ലിം സ്ത്രീകളെ അവരുടെ ബാധ്യത നിര്‍വഹിക്കുന്നത് വിലക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തെ നിലക്കുനിര്‍ത്താന്‍ മതനേതൃത്വങ്ങള്‍ തയാറാകണമെന്നും മുസ്ലിം സ്ത്രീകളെ ഇരുട്ടില്‍ തളച്ചിട്ട് ചൂഷണം ചെയ്യാന്‍ പൗരോഹിത്യത്തിന് വിട്ടുകൊടുക്കില്ലെന്നും എം.ജി.എം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി ആയിശ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു.

Related Articles