Current Date

Search
Close this search box.
Search
Close this search box.

കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ശ്രീനഗര്‍: കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വീണ്ടും നിയന്ത്രങ്ങള്‍ പുന:സ്ഥാപിച്ചു. ജുമുഅ നമസ്‌കാരങ്ങളുടെ ഭാഗമായാണ് ക്രമസമാധാന പാലനം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു പ്രദേശത്ത് നാലോ അധിലധികമോ ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. നൗഹട്ട,മഹാരാജ് ഗുഞ്ജ്,സഫ്കദല്‍,കന്യാര്‍,റെയ്ന്‍വാരി,ഹസ്‌റത് ബാല്‍ തുടങ്ങിയ പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.

ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ താഴ്വരയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 54 ദിവസം പിന്നിട്ടു. നിയന്ത്രണം വലിയ മാറ്റമില്ലാതെ തുടരുമ്പോഴും ജനജീവിതം ഇപ്പോഴും സാധാരണനിലയിലായില്ല.

കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരും പ്രധാന രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണ്. ബന്ധുക്കള്‍ക്ക് പോലും ഇവരെ സന്ദര്‍ശിക്കാന്‍ ആകുന്നില്ല.

ചിലയിടങ്ങളില്‍ ലാന്റ് ഫോണുകള്‍ ബന്ധം പുനസ്ഥാപിച്ചെങ്കിലും മൊബൈല്‍,ടി.വി എന്നിവ ലഭ്യമല്ല. ജനജീവിതവും സ്തംഭിച്ചിരിക്കുകയാണ്. പൊതുഗതാഗതം ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. സ്‌കൂളുകള്‍ തുറന്നെങ്കിലും കുട്ടികള്‍ എത്തുന്നില്ല. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വരുമാനമായ ആപ്പിള്‍ കര്‍ഷകരും ഇതോടെ ദുരിതത്തിലായി.

Related Articles