Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: ബിന്‍ അലിയെ പുറത്താക്കിയിട്ട് 10 വര്‍ഷം

തൂനിസ്: തുനീഷ്യയില്‍ നീണ്ട 23 വര്‍ഷം ഏകാധിപത്യ ഭരണം കാഴ്ചവെച്ച സൈനുല്‍ അബിദീന്‍ ബിന്‍ അലി അധികാരം വിട്ടൊഴിഞ്ഞ് രാജ്യം വിട്ട് പോയിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. 2011 ജനുവരി 14നായിരുന്നു ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബിന്‍ അലി അധികാരഭ്രഷ്ടനാക്കപ്പെട്ടത്. തുടര്‍ന്ന് മാള്‍ട്ട വഴി സൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു അദ്ദേഹം. ഭാര്യയും മൂന്ന് കുട്ടികളുമൊത്താണ് രക്ഷപ്പെട്ടത്.

തുനീഷ്യയിലെ രണ്ടാമത്തെ പ്രസിഡന്റായ അദ്ദേഹം 1987ലാണ് അധികാരത്തിലേറിയത്. തുടര്‍ന്ന് നീണ്ട 23 വര്‍ഷം തുനീഷ്യയെ അടക്കിവാഴുകയായിരുന്നു ബിന്‍ അലി. മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ അറിയപ്പെട്ട അറബ് വസന്തത്തിനാണ് അന്നവിടെ ജനങ്ങള്‍ തുടക്കമിട്ടത്. ജനുവരി 14ന് നടന്ന പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളും അതില്‍ പങ്കെടുത്തിരുന്നു. ജീവിതത്തിലെ വ്യത്യസ്ഥ മേഖലകളില്‍ ഉള്ളവര്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നാനാമേഖലകളിലുള്ളവരും ഉണ്ടായിരുന്നു. സമരത്തെ പൊലിസ് അതിശക്തമായി അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.

പിന്നീട് അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ ബിന്‍ അലിക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും തുനീഷ്യന്‍ കോടതി 35 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് തുനീഷ്യന്‍ സൈനിക കോടതി അദ്ദേഹത്തിന് ആജീവനാന്ത തടവ് ശിക്ഷയും വിധിച്ചു. അദ്ദേഹത്തെ പിടികൂടാന്‍ ഇന്റര്‍പോളിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ ഒരു ശിക്ഷയും അനുഭവിക്കാതെ സൗദിയില്‍ അഭയം തേടിയ അദ്ദേഹം ഒടുവില്‍ 2019 സെപ്റ്റംബര്‍ 19ന് 83ാം വയസ്സില്‍ മരണപ്പെട്ടു.

Related Articles