Current Date

Search
Close this search box.
Search
Close this search box.

സമുദായങ്ങളുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ ഇടപെടരുത്: മതസംഘടനകളുടെ സംയുക്ത യോഗം

ന്യൂഡല്‍ഹി: വിവിധ സമുദായങ്ങളുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടരുതെന്ന് ഏക സിവില്‍കോഡിനെതിരെയുള്ള വിവിധ മതസംഘടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ആചാരങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഡല്‍ഹി വൈ.എം.സി.എയില്‍ നടന്ന യോഗത്തില്‍ ഓള്‍ ഇന്ത്യ ബാക്ക്വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍, ശിരോമണി അകാലിദള്‍, ഡല്‍ഹി, കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത് ആന്‍ഡ് ട്രൈബല്‍സ് ഓര്‍ഗനൈസേഷന്‍സ്, ഓള്‍ ഇന്ത്യ രവിദാസിയ ധരം സംഗതന്‍, നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മൈനോറിറ്റി, സിഖ് വ്യക്തിനിയമ ബോര്‍ഡ്, ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സ് ഓഫ് ഡല്‍ഹി അതിരൂപത, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, സിഖ് തല്‍മെയില്‍ ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ പങ്കെടുത്തു. ഏകീകൃത സിവില്‍കോഡ് മതപരവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള വിനാശകരമായ ശ്രമമാണെന്ന് യോഗം വിലയിരുത്തി.

ന്യൂനപക്ഷ സമുദായങ്ങള്‍, ദലിതര്‍, ആദിവാസികള്‍ എന്നിവര്‍ക്ക് യു.സി.സി ഭീഷണിയാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ യു.സി.സി വരുന്നത്തോടെ ഇല്ലാതാകും. ഭരണഘടന അനുശാസിക്കുന്ന മതപരവും സാംസ്‌കാരികവുമായ എല്ലാ മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ഏക സിവില്‍കോഡിനെ കൂട്ടായി തള്ളിക്കളയുകയും ചെയ്യും. മതഗ്രന്ഥങ്ങളും ആരാധനാലയങ്ങളും അവഹേളിക്കുന്നത് തടയുകയും പള്ളികള്‍, മസ്ജിദുകള്‍, ഗുരുദ്വാരകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കും. 1991-ലെ ആരാധനാലയ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.

അസമില്‍ നിന്നുള്ള ഗോത്രവര്‍ഗ എം.പി നബ ശരണിയ, കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത് ആന്‍ഡ് ട്രൈബല്‍സ് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് അശോക് ഭാരതി,അഖിലേന്ത്യ രവിദാസിയ ധരം സംഗതന്‍ മേധാവി ആര്‍. സുഖ്‌ദേവ് വാഗ്മരെ, സിഖ് വ്യക്തിനിയമ ബോര്‍ഡ് കണ്‍വീനര്‍ പ്രൊഫ ജാഗ്മോഹന്‍ സിങ്, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി, ഓള്‍ ഇന്ത്യ ബാക്ക്വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് വാമന്‍ മേശ്രം, ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സ് ഓഫ് ഡല്‍ഹി അതിരൂപതയുടെ പ്രസിഡന്റ് എ.സി മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles