Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഈജിപ്ത് നടപടി നിയമവിരുദ്ധമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ലിബിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ പരസ്യമായി ഇടപെടുന്ന ഈജിപ്തിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ പറഞ്ഞു. കിഴക്കന്‍ ലിബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഫ്തര്‍ സൈന്യത്തിന് പിന്തുണ നല്‍കാനുള്ള ഈജിപ്തിന്റെയും യു.എ.ഇയുടെയും നിലപാടിനെ തുര്‍ക്കി വിമര്‍ശിച്ചു.

ലിബിയയില്‍ യു.എന്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ജി.എന്‍.എ ഭരണകൂടത്തിനാണ് തുര്‍ക്കി പിന്തുണ നല്‍കുന്നത്. ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാരിനുള്ള പിന്തുണ തുര്‍ക്കി ഈ വര്‍ഷം ശക്തമാക്കിയതായി അറിയിച്ചിരുന്നു.

ലിബിയയുടെ ദേശീയ സുരക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുകയാണെങ്കില്‍ ഈജിപ്ത് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹഫ്തറുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെടണമെന്ന് ഹഫ്തര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീസി പറഞ്ഞു. കൈറോയില്‍ വെച്ചായിരുന്നു ഹഫ്തറിന്റെ സഖ്യ നേതാക്കളുമായി സീസി കൂടിക്കാഴ്ച നടത്തിയിരുന്നത്. ലിബിയയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഈജിപ്ത് സൈന്യത്തെ അധികാരപ്പെടുത്തിയതായി പ്രസിഡന്റ് വൃത്തങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Related Articles