Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഖത്തറിലുള്ളവര്‍ക്കെല്ലാം സൗജന്യ ചികിത്സ പ്രഖ്യാപിച്ച് ഭരണകൂടം

ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങള്‍ കോവിഡിനെ അതിജീവിക്കാന്‍ ഊര്‍ജിത ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വിവിധ തരം ആശ്വാസ പദ്ധതികളാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇതില്‍ വേറിട്ടു നില്‍ക്കുകയാണ് ഖത്തര്‍.

രാജ്യത്ത് ക്വാറന്റൈനിലോ ഐസൊലേഷനിലോ കഴിയുന്ന എല്ലാ വിദേശ തൊഴിലാളികള്‍ക്കും എല്ലാ ആനുകൂല്യങ്ങളോടെയും ശമ്പളം ലഭ്യമാക്കുമെന്നാണ് ഖത്തര്‍ ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിസയോ ഖത്തര്‍ ഐഡിയോ ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ സൗജന്യ ചികിത്സ നല്‍കും. രാജ്യത്തുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച ചികിത്സ സൗജന്യമായി നല്‍കും.

തൊഴിലുടമക്കോ തൊഴില്‍ സ്ഥാപനത്തിനോ ഈ പ്രത്യേക സാഹചര്യത്തില്‍ അവരുടെ തൊഴില്‍ കരാര്‍ ഉപേക്ഷിച്ച് തൊഴിലാളികളെ പിരിച്ച് വിടുന്നതിന് വിലക്കില്ല. പക്ഷെ ഖത്തരി നിയമം അനുശാസിക്കുന്ന നോട്ടീസ് പിരീഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി മാത്രമേ പിരിച്ചുവിടാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റും അതിനുള്ള സൗകര്യങ്ങളും ഒരുക്കണം. വിസയോ ഖത്തര്‍ ഐഡിയോ കാലാവധി തീരുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വിസ പുതുക്കാം.

ഇപ്പോഴത്തെ അവസ്ഥയില്‍ താമസകേന്ദ്രങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ ബുദ്ധിമുട്ടുകളോ തൊഴിലാളി അനുഭവിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് മന്ത്രാലയത്തെ 16008 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles