Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളെ അവഹേളിക്കുന്നത് വ്യാപാരത്തെ ബാധിക്കുമെന്ന് ഖത്തര്‍

ദോഹ: മുസ്‌ലിംകളെയും പ്രവാചകനെയും നിരന്തരം അവഹേളിക്കുന്നത് വ്യാപാര ബന്ധങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പരസ്യമായി അവഹേളിച്ച നടപടികളെയും ചേംബര്‍ ഓഫ് കൊമേഴ്‌സ് അപലപിച്ചു. മുസ്‌ലിംകളോട് വെച്ച് പുലര്‍ത്തുന്ന ശത്രുത ഫ്രാന്‍സും മുസ്ലിം രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമിനോടുള്ള ആസൂത്രിതമായ ഈ ശത്രുത വാണിജ്യ-സാമ്പത്തിക ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ഈ മാസമാദ്യത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ ഇസ്‌ലാം വിരുദ്ധ നിലപാടിനെതിരെ അറബ് രാജ്യങ്ങളിലെ നിരവധി വ്യാപാര കമ്പനികള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഫ്രാന്‍സും മുസ്‌ലിംകളും തമ്മില്‍ പ്രതിവര്‍ഷം ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നും ഫ്രാന്‍സില്‍ മസ്ജിദുകളെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നുമാണ് മാക്രോണ്‍ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് മാക്രോണിന്റെ പ്രസ്താവനയെ അപലപിക്കുകയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയും മാക്രോണിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Related Articles