Current Date

Search
Close this search box.
Search
Close this search box.

ബി.എച്ച്.യു: മുസ്ലിം സംസ്‌കൃത അധ്യാപകനെ മാറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍, പറ്റില്ലെന്ന് സര്‍വകലാശാല

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലിം മതവിഭാഗക്കാരനായ പ്രൊഫസരെ സംസ്‌കൃത അധ്യാപകനായി നിയമിച്ചതിനെതിരെ തീവ്ര ഹിന്ദുത്വ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. അധ്യാപകനെ മാറ്റണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 12ാം ദിവസവും തുടരുകയാണ്.

സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫിസിനു മുന്‍പില്‍ 30 അംഗ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. ഈ മാസമാദ്യമാണ് ഫിറോസ് ഖാന്‍ എന്ന പേരുള്ള മുസ്ലിം അധ്യാപകന്‍ ബി.എച്ച്.യുവില്‍ സംസ്‌കൃതം വിഭാഗത്തില്‍ പ്രൊഫസറായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഒരാള്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയായിരുന്നു.

ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. അധ്യാപകന്റെ നിയമനത്തെ എതിര്‍ക്കുന്നതായി എ.ബി.വി.പി അറിയിച്ചു. ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല ഞങ്ങള്‍ സമരം ചെയ്യുന്നതെന്നും എന്നാല്‍ പാരമ്പര്യമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. ഇതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും ഇത് സാധാരണ ഒരു ഡിപാര്‍ട്‌മെന്റ് അല്ലെന്നും സംസ്‌കൃത് വിദ്യധര്‍മ വിഗ്യാന്‍ സംഗയ് ആണിത്. കേവലം ഭാഷയല്ല ഇത് നമ്മുടെ സംസ്‌കാരത്തെക്കുറിച്ചുള്ളതാണെന്നും സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ കൃഷ്ണ കുമാര്‍ പറഞ്ഞു. സ്തുതിഗീതങ്ങള്‍ ചൊല്ലിയും യാഗ-യഗ്ജ്ഞങ്ങള്‍ നടത്തിയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

അതേസമയം, അധ്യാപകന് പിന്തുണയുമായി ബി.എച്ച്.യു അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. മതമോ ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുകയാണ് സര്‍വകലാശാല ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

Related Articles