Current Date

Search
Close this search box.
Search
Close this search box.

വിശാലമായ കൃഷിഭൂമിയുണ്ടായിട്ടും അറബ് നാടുകള്‍ പട്ടിണിയില്‍; കാരണമിതാണ്

20 വര്‍ഷത്തിനുള്ളില്‍ അറബ് ലോകത്ത് പട്ടിണി 90 ശതമാനമായി വര്‍ധിച്ചു. 141 മില്യണ്‍ ആളുകള്‍ കുറഞ്ഞോ കൂടിയോ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇത് അറബ് മേഖലയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് -19ന്റെ പ്രത്യാഘാതങ്ങളും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും മൂലം മിക്ക അറബ് രാഷ്ട്രങ്ങളിലെയും പണപ്പരുപ്പ നിരക്കും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായി. അതിനാല്‍തന്നെ പട്ടിണി നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, അറബ് രാഷ്ട്രങ്ങള്‍ തങ്ങള്‍ക്ക് വേണ്ട പോഷകാഹാരത്തിന്റെ 50 ശതമാനത്തലധികവും ഇറക്കുമതി ചെയ്യുകയാണ്. അതില്‍ കൂടുതലും റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നുമുള്ള ധാന്യത്തിന്റെയും എണ്ണയുടെയും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇതിനായി വേണ്ടിവരുന്നത് പതിനായിരക്കണക്കിന് ഡോളുറകളാണ്. ഇത് അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 220 മില്യണ്‍ ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമായിട്ടും, അറബ് നാടുകള്‍ മൂന്നിലൊന്ന് മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അല്‍ജസീറയുടെ ‘ലില്‍ഖിസ്സതി ബഖിയ്യ’ (27/03/2023) ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നു. ആഗോള ഭക്ഷ്യ വിതരണ ശൃംഖലക്കുണ്ടായ തിരിച്ചടി മൂലം ജനതയുടെ ഭക്ഷണം സുരക്ഷിതമാക്കുന്നതില്‍ അറബ് ലോകം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കാരണം, അറബ് ലോകത്തിനാവശ്യമായ ധാന്യത്തിന്റെ 60 ശതമാനവും റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് ലോക ധാന്യ ഉത്പാദനത്തിന്റെ 25 ശതമാനം വരുമെങ്കിലും, അറബ് രാഷ്ട്രങ്ങള്‍ 2.5 ശതമാനം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അതുപോലെ, അടിസ്ഥാന പോഷകാഹാരത്തിന്റെ 55 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2020ല്‍ 61 മില്യണ്‍ ഡോളറാണ് ഇറക്കുമതിക്കായി ചെലവഴിച്ചത്. അറബ് ലോകത്തെ കാര്‍ഷിക ഭൂമിയുടെ കണക്കാക്കപ്പെടുന്ന വസ്തീര്‍ണം 30.5 ശതമാനമാണ്. ശരാശരി അറബ് കാര്‍ഷിക ഉത്പാദനം ആഗോള ഉത്പാദനത്തിന്റെ നാല് ശതമാനം മാത്രമാണെന്ന് ഡോക്യുമെന്ററി വ്യക്താക്കുന്നു.

ഡോക്യുമെന്ററി ചില രാഷ്ട്രങ്ങളുടെ ഉദാഹരണം നിരത്തുന്നു. സുഡാനില്‍ കൃഷിയോഗ്യമായ ഭൂമി ഏകദേശം 84 മില്യണ്‍ ഹെക്ടറാണ്. ഇതില്‍ 20 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. മറ്റ് രാഷ്ട്രങ്ങള്‍ക്കില്ലാത്ത ജലലഭ്യത സുഡാനുണ്ട്. സ്ഥിരമായും സീസണായും ഒഴുകുന്ന പത്ത് നദികള്‍ രാജ്യത്തുണ്ട്. കൂടാതെ, വര്‍ഷത്തില്‍ 400 ബില്യണ്‍ ക്യുബിക് മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, സുഡാനിലെ 9.8 മില്യണിലധികം ആളുകള്‍ കടുത്ത പട്ടിണി നേരിടുകയാണെന്ന് യു.എന്നിന്റെ എഫ്.എ.ഒ (Food and Agriculture Organization) വ്യക്തമാക്കുന്നു. ലബനാനിലും വൈവിധ്യമാര്‍ന്ന കൃഷി ഭൂമിയുണ്ട്. എന്നാല്‍, കൃഷി ചെയ്യുന്നതിന് പല തടസ്സങ്ങളുണ്ട്. അനൗദ്യോഗികമായ തൊഴില്‍, ഭൂമി കൈവശം വെക്കക്കുന്നതില്‍ നിയന്ത്രണമില്ലാതിരിക്കുക, സാമ്പത്തിക സഹായം ലഭിക്കാനുള്ള കര്‍ഷകരുടെ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന തടസ്സങ്ങള്‍. തുനീഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. കൃഷി ആഭ്യന്തര ജി.ഡി.പിയുടെ 11.2 ശതമാനം സംഭാവന ചെയ്യുന്നു. ഇത് കയറ്റുതിയുടെ 13 ശതമാനം വരും. കൂടാതെ, 18 ശതമാനം തൊഴിലവസരങ്ങള്‍ നല്‍കുന്നു. ഈ കണക്കുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം തെളിയിക്കുന്നതാണ്. എന്നിരുന്നാലും, ടൂറിസം, വ്യവസായം തുടങ്ങിയ മറ്റ് മേഖലകളെ അപേക്ഷിച്ച് കൃഷിക്കുള്ള പ്രാധാന്യം വളരെ കുറവാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles