Current Date

Search
Close this search box.
Search
Close this search box.

മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി മസ്ജിദ് സന്ദര്‍ശിച്ച പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

പനാജി: മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മസ്ജിദ് സന്ദര്‍ശനത്തിന് കൊണ്ടുപോയ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു. ഗോവയിലാണ് സംഭവം. കേശവ സ്മൃതി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശങ്കര്‍ ഗഓങ്കറിനെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.

എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടന തങ്ങളുടെ മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ശിക്കുകയും പ്രിന്‍സിപ്പലിനെയും വിദ്യാര്‍ത്ഥികളെയും മസ്ജിദ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 9ന് വിദ്യാര്‍ത്ഥികള്‍ ദാബോലിമിലെ മസ്ജിദ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനായ വി.എച്ച.പി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രിന്‍സിപ്പലായ ശങ്കര്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിപ്പിച്ച് ശിരോവസ്ത്രം ധരിപ്പിച്ചെന്നും ഇസ്ലാമിക ആരാധന നിര്‍വഹിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.

‘ഞങ്ങള്‍ കുറേ വര്‍ഷങ്ങളായി ഇത്തരം ക്യാംപയിനുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇസ്ലാമിനെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനും സാമുദായിക സൗഹാര്‍ദം സൃഷ്ടിക്കാനും മാത്രമാണ് ഞങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും എസ്.ഐ.ഒ സോണല്‍ പ്രസിഡന്റ് ഉസ്മാന്‍ ഖാന്‍ പറഞ്ഞു.

‘ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളും ഒരു അധ്യാപികയും ഉള്‍പ്പെടെ ആകെ 21 വിദ്യാര്‍ത്ഥികളാണ് പള്ളി സന്ദര്‍ശിച്ചത്. മസ്ജിദില്‍ പ്രാര്‍ത്ഥന നടക്കുന്ന സ്ഥലങ്ങളും പ്രവേശന-എക്‌സിറ്റ് ഏരിയകളും വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തു. ചില വിദ്യാര്‍ത്ഥികള്‍ പള്ളിയോടുള്ള ആദരവ് മൂലം തല മറച്ചിട്ടുണ്ടാകാം. ഹിജാബ് ധരിക്കാനോ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാനോ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ചു എന്ന ആരോപണം തെറ്റാണെന്നും പ്രിന്‍സിപ്പല്‍ ശങ്കര്‍ പറഞ്ഞു. സ്‌കൂളില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട കുട്ടികളും പഠിക്കുന്നതിനാല്‍ പണ്ട് മുതലേ സ്‌കൂളിലെ വിദ്യാര്‍ഥികളെ ക്ഷേത്രങ്ങളിലും പള്ളികളിലും കൊണ്ടുപോകാറുണ്ടായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വി.എച്ച്.പിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ ശങ്കര്‍ ഗാവോങ്കര്‍, സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഐഒ) വാസ്‌കോ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കെ എന്നിവരെ വാസ്‌കോ പോലീസ് മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

Related Articles